റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയില്‍

December 27, 2022 - 10:49 am

മുംബൈ: നാലു ദിവസത്തെ ഇടിവിനൊടുവില്‍ ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയില്‍. വര്‍ഷത്തിലെ അവസാന ആഴ്ചയുടെ ആദ്യ ദിനം ലാഭത്തില്‍ ക്ലോസ് ചെയ്യാനായത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 721 പോയിന്റ് ഉയര്‍ന്ന് 60,566 നിലവാരത്തില്‍ സെന്‍സെക്‌സും 208 പോയിന്റ് നേട്ടത്തോടെ 18,000 ലെവല്‍ പിന്നിട്ട് നിഫ്റ്റിയും പിരിഞ്ഞു. ഫിനാന്‍ഷ്യല്‍, എനര്‍ജി ഓഹരികളുടെ മികച്ച പ്രകടനമാണ് വിപണിക്ക് തുണയായത്.

ഓപ്പണിങ്ങിനു തൊട്ടുപിന്നാലെ 59,754 വരെ താഴ്ന്ന ശേഷമാണ് സെന്‍സെക്‌സ് കുതിച്ചുകയറ്റം നടത്തിയത്. പടിപടിയായി ഉയര്‍ന്ന സൂചിക ഒരു ഘട്ടത്തില്‍ 1,080 പോയിന്റ് ഉയര്‍ന്ന് 60,834 ല്‍ എത്തി. പിന്നീട് 721.13 പോയിന്റ് നേട്ടത്തില്‍ 60566.42 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു.എസ്.ബി.ഐ, ഇന്‍ഡസ് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സിലെ മികച്ച പ്രകടനം പുറത്തെടുത്ത ഓഹരികള്‍. നാലു ശതമാനം വീതമായിരുന്നു ഇരുകൂട്ടരുടെയും നേട്ടം. ബജാജ് ഫിന്‍സെര്‍വ്, ഐ.ടി.സി, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, അള്‍ട്രാ ടെക് സിമെന്റ്, എന്‍.ടി.പി.സി, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ് എന്നവയാണ് നേട്ടമുണ്ടാക്കിയ മറ്റു പ്രധാന കമ്പനികള്‍. രണ്ടു മുതല്‍ മൂന്നു ശതമാനം വരെയായിരുന്നു ഇവയുടെ നേട്ടം.

എന്‍.ഡി.ടി.വി സ്ഥാപകരായ പ്രാണോയ് റോയ്, രാധിക റോയ് എന്നിവര്‍ തങ്ങളുടെ 27.26% ഓഹരി പങ്കാളിത്തം, അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് എന്‍.ഡി.ടി.വി ഓഹരികളുടെ വില 5% വരെ കുതിച്ചുയര്‍ന്നു. കമ്പനിയില്‍ 32.26 % ഓഹരികളാണു റോയ് ദമ്പതികളുടെ പക്കലുണ്ടായിരുന്നത്.207.80 പോയിന്റ് നേട്ടത്തോടെ 18014.60 ലെത്തിയായിരുന്നു നിഫ്റ്റി ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ സെക്ടറുകളില്‍ നിഫ്റ്റി ഫാര്‍മ ഒഴികെ ബാക്കിയെല്ലാം ലാഭത്തിലായി. കഴിഞ്ഞ ആഴ്ച വലിയ വില്പന സമ്മര്‍ദം നേരിട്ടിരുന്ന ബാങ്ക് നിഫ്റ്റി ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റിയില്‍ 2787 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 733 ഓഹരികള്‍ നഷ്ടം നേരിട്ടു. 129 ഓഹരികളുടെ വില മാറ്റമില്ലാതെ തുടര്‍ന്നു.

കടുത്ത വില്‍പ്പന സമ്മര്‍ദം പ്രകടമായ കഴിഞ്ഞയാഴ്ചയില്‍ 2.5 ശതമാനം നഷ്ടം നേരിട്ടാണ് പ്രധാന സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ജൂണ്‍ മാസത്തിനു ശേഷം ആഴ്ച കാലയളവിനിടെ സൂചികകളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ നഷ്ടമാണിത്. ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും സാമ്പത്തികമാന്ദ്യ ആശങ്കകള്‍ കനപ്പെടുന്നതും കോവിഡിന്റെ പുതിയ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമൊക്കെയാണ് കഴിഞ്ഞയാഴ്ച വിപണിയിലെ തിരിച്ചടിക്ക് കാരണമായത്.നിഫ്റ്റി 18,000 നിലവാരവും സെന്‍സെക്‌സ് നിര്‍ണായകമായ 60,000 നിലവാരവും കൈവിട്ടു. മിഡ് കാപ് വിഭാഗം സൂചികയില്‍ 6 ശതമാനവും സ്‌മോള്‍ കാപ് ഓഹരി വിഭാഗം സൂചികയില്‍ 8 ശതമാനം നഷ്ടവും രേഖപ്പെടുത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *