ചെറുതോണി: പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ രണ്ടാനച്ഛന് 19 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ.ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. അടിവാട് സ്വദേശിയായ മധ്യവയസ്‌കനെയാണു കോടതി ശിക്ഷിച്ചത്. മുരിക്കാശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ചെമ്പകപ്പാറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ രാത്രിയില്‍ കുളിക്കാന്‍ പോയ സമയത്ത് പ്രതി കുട്ടിയോട് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തെ ശിക്ഷ നല്‍കിയ കോടതി ഏറ്റവും ഉയര്‍ന്ന ശിക്ഷയായ അഞ്ചുവര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയെന്നും വ്യക്തമാക്കി. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം. കൂടാതെ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 25000 രൂപ നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് ഹാജരായി.
