റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്തോഷ് ട്രോഫി: കേരളം ഫൈനല്‍ റൗണ്ടില്‍

January 9, 2023 - 11:17 am

കോഴിക്കോട്: മിസോറമിനെ 5-1 നു തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കടന്നു. ഇ.എം.എസ്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോളടിച്ചു. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതമടിച്ചു. മല്‍സംഫെലയാണ് മിസോറമിന്റെ ആശ്വാസ ഗോളടിച്ചത്. രണ്ടാം ഗ്രൂപ്പിലെ അവസാന മത്സരത്തിലെ ജയത്തോടെ കേരളം ചാമ്പ്യന്‍മാരായാണ് ഫൈനല്‍ റൗണ്ട് ഉറപ്പിച്ചത്. ഗ്രൂപ്പ് രണ്ടിലെ അഞ്ചു മത്സരങ്ങളും ജയിക്കാന്‍ കേരളത്തിനായി. രണ്ടാം സ്ഥാനത്തുള്ള മിസോറാം നാല് മത്സരങ്ങള്‍ ജയിച്ചു. ഗ്രൂപ്പ് ചാമ്പ്യന്‍മരായ കേരളത്തിന് 15 പോയിന്റും മിസോറാമിന് 12 പോയിന്റുമാണ്. അഞ്ച് കളികളിലായി 24 ഗോളുകളാണ് കേരളം അടിച്ചിട്ടത്. നായകന്‍ വി. മിഥുന്‍ കാത്ത കേരളത്തിന്റെ വല കുലുങ്ങിയതു രണ്ട് തവണ മാത്രം.

ഡല്‍ഹിയിലായിരിക്കും സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. 30-ാം മിനിറ്റില്‍ കേരളം മിസോറമിന്റെ പ്രതിരോധം തകര്‍ത്തു. നരേഷ് ഭാഗ്യനാഥനാണ് ലക്ഷ്യം കണ്ടത്. ഗോള്‍ നേടിയ ശേഷവും ആക്രമണം ശക്തമാക്കിയ കേരളം ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളും പാഴാക്കി. ആറാം മിനിറ്റില്‍ മിസോറം കേരളത്തിന് ഭീഷണിയുയര്‍ത്തി. മിസോറമിന്റെ മികച്ച ഒരു ഷോട്ട് കേരളത്തിന്റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 12-ാം മിനിറ്റില്‍ കേരളത്തിന്റെ ഉഗ്രന്‍ ഷോട്ട് മിസോറാം ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ നിജോ ഗില്‍ബര്‍ട്ട് ലീഡ് ഇരട്ടിയാക്കി. 65-ാം മിനിറ്റില്‍ നരേഷ് രണ്ടാം ഗോളടിച്ചു. ഗിഫ്റ്റി ഗ്രേഷ്യസ് 76-ാം മിനിറ്റില്‍ മിസോറമിന്റെ വല കിലുക്കി. 80-ാം മിനിറ്റിലാണ് മല്‍സംഫെല ഒരു ഗോള്‍ മടക്കിയത്. പെനാല്‍റ്റി ബോക്‌സിന് പുറത്തു ലഭിച്ച ഫ്രീകിക്ക് മല്‍സംഫെല അനായാസം വലയിലെത്തിച്ചു. 85-ാം മിനിറ്റില്‍ വിശാഖ് കേരളത്തിന്റെ അഞ്ചാം ഗോളുമടിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *