അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ 2023-24
തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിനുള്ള 2023-24 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് 2022-23 അധ്യയന വര്‍ഷം 4-ാം ക്ലാസില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 11 ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ വിവിധ ജില്ലകളില്‍ മത്സര പരീക്ഷ നടത്തും. കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രത്യേക ദുര്‍ബല ഗോത്രവിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല.
പരീക്ഷയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥി പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം, വയസ്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം, പഠിക്കുന്ന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബന്ധപ്പെട്ട സംയോജിത പട്ടികവര്‍ഗ വികസന പ്രൊജക്ട് ഓഫീസ് ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ 2023 ഫെബ്രുവരി 20-ന് മുന്‍പ് ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ജാതി/ വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല.
200 വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. മത്സര പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പായി തങ്ങളുടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ബന്ധപ്പെട്ട സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍/ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങളും ഫര്‍ണീച്ചറും വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനും അടക്കമുള്ള ധനസഹായം നല്‍കുന്നതാണ്. 10-ാം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്‌റ്റൈപ്പന്റും ലഭിക്കും.
വിവരങ്ങള്‍ക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസുകള്‍/ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസുകള്‍/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവടങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.
