റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിസോര്‍ട്ട് വിവാദത്തിന് തിരശീലയിട്ട് സി.പി.എം.

February 12, 2023 - 7:44 pm

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള കേരളയാത്ര 20 ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ റിസോര്‍ട്ട് വിവാദം അവസാനിപ്പിക്കാന്‍ സി.പി.എം. കഴിഞ്ഞദിവസം അവസാനിച്ച സംസ്ഥാന സമിതിയോഗത്തോടെ വിഷയം അടഞ്ഞ അധ്യായമാണെന്ന നിലപാടിലാണ് നേതൃത്വം. വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച വേണ്ടെന്നാണു തീരുമാനം. അനാവശ്യ വാദപ്രതിവാദത്തിന് നിന്നുകൊടുക്കേണ്ടതില്ലെന്നും നേതാക്കള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഇക്കാര്യത്തില്‍ നേതാക്കളുടെ മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കുമെന്നും സംസ്ഥാന സമിതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റിസോര്‍ട്ട് വിവാദം പാര്‍ട്ടി പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് സി.പി.എം. വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിവാദം നീളുന്നത് ഗുണകരമാവില്ലെന്ന പൊതുവികാരം പാര്‍ട്ടിയില്‍ ശക്തമാണ്. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരേ പ്രതിപക്ഷ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇത്തരം വിഷയങ്ങള്‍കൂടി വിശദീകരിച്ച് വ്യക്തത വരുത്തുന്നത് പ്രായോഗികമല്ലെന്ന നിഗമനവും തീരുമാനത്തിനു പിന്നിലുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരായ പ്രചാരണ പരിപാടിയായാണ് കേരളയാത്ര വിഭാവനം ചെയ്തിരിക്കുന്നത്. അതിനിടെ, റിസോര്‍ട്ട് വിവാദം സജീവമായി നിന്നാല്‍ യാത്രയുടെ സമയവും ഊര്‍ജവും പ്രതിരോധത്തിനായി ചെലവിടേണ്ടി വരും. ഇതിലൂടെ യാത്ര വഴി ലക്ഷ്യമിടുന്ന നേട്ടം ഇല്ലാതാകുമെന്നും നേതൃത്വം കണക്കാക്കുന്നു.
റിസോര്‍ട്ട് വിവാദത്തിലെ അന്വേഷണ തീരുമാനം മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിഷേധിച്ചതും ഈ നീക്കത്തിന്റെ ഭാഗമാണ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ ഇ.പി. ജയരാജന്‍ വിശദീകരിച്ചു. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു എല്‍.ഡി.എഫ്. കണ്‍വീനര്‍കൂടിയായ ഇ.പിയുടെ വാദം. സംസ്ഥാന സമിതിയിലുയര്‍ന്ന ആക്ഷേപത്തിന് അവിടെ തന്നെ മറുപടി നല്‍കണമെന്ന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം അനുസരിച്ചായിരുന്നു വിശദീകരണം. ആരോപണം ഉന്നയിച്ച പി.ജയരാജന്‍ പോലും യോഗത്തില്‍ മൗനം പാലിച്ചുവെന്നതും ശ്രദ്ധയമാണ്. തന്റെ സീനിയോരിറ്റി മറികടന്ന് എം.വി. ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാക്കിയതില്‍ ഇ.പി. ജയരാജന് എതിര്‍പ്പുണ്ടായിരുന്നു. ഇതോടെ അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് അകന്ന നിലയിലുമായിരുന്നു. ഇതിനു പിന്നാലെയാണ് റിസോര്‍ട്ട് വിവാദമുയരുന്നത്. ഇതോടെ അകല്‍ച്ചകള്‍ക്ക് അവധി നല്‍കി ഇ.പി. പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമായി. എന്നാല്‍, റിസോര്‍ട്ട് വിവാദത്തിലും, വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും ഇ.പി.ജയരാജന്‍ കടുത്ത അതൃപ്തിയിലാണെന്ന വിവരവും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *