തിരുവനന്തപുരം: ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തു. നിലവിലെ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു ഷിബു ബേബിജോണ്‍ സെക്രട്ടറിയായത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
മുന്‍മന്ത്രികൂടിയായ ഷിബു ബേബിജോണ്‍, നിലവില്‍ ആര്‍.എസ്.പി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. കഴിഞ്ഞ ഒകേ്ടാബറില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് നേതൃമാറ്റം. ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ നേതൃമാറ്റത്തിന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും സ്ഥാനത്ത് തുടരണമെന്ന എ.എ. അസീസിന്റെ താല്‍പ്പര്യത്തിന് പാര്‍ട്ടി വഴങ്ങുകയായിരുന്നു.
പാര്‍ട്ടി ദേശീയ സമ്മേളനത്തിനു ശേഷം സെക്രട്ടറിപദം ഒഴിയുമെന്ന് അസീസ് വ്യക്തമാക്കിയിരുന്നു. 2014-ല്‍ പാര്‍ട്ടി ഇടതുമുന്നണി വിടുന്നത് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് അസീസ്. മൂന്നു തവണ എം.എല്‍.എ. ആയിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ടു തവണയായി സംസ്ഥാന സെക്രട്ടറിയാണ്.
ആര്‍.എസ്.പിയുടെ സമുന്നതനേതാവായ ബേബി ജോണിന്റെ മകനാണ് ഷിബു ബേബിജോണ്‍. ചവറയില്‍നിന്നു രണ്ടു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്.
