തൃശൂര്‍: ദേശീയപാതയില്‍ സഞ്ചരിക്കുന്ന ദൂരത്തിന് ടോള്‍ നല്‍കുന്ന സംവിധാനം നിലവില്‍ വരുന്നു. ഭാവിയില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിങ് സംവിധാനം കൊണ്ടുവരുമെന്നും പൈലറ്റ് പദ്ധതി നടന്നുവരികയാണെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്കരി വ്യക്തമാക്കി. ഓട്ടോമാറ്റിക് സംവിധാനം വരുന്നതോടെ വാഹനങ്ങള്‍ പ്ലാസകളില്‍ നിര്‍ത്തിയിടേണ്ടി വരില്ല. 60 കി.മീറ്റര്‍ പരിധിയില്‍ ഒരു ടോള്‍പ്ലാസ എന്ന് കേന്ദ്രസര്‍ക്കാര്‍ ദൂരപരിധി ക്രമീകരിച്ചിരുന്നു.
പന്നിയങ്കര ടോള്‍പ്ലാസയും പാലിയേക്കര പ്ലാസയും തമ്മില്‍ 60 കി.മീറ്ററില്‍ കുറവു ദൂരമാണുള്ളത്. ഇതോടെ പാലിയേക്കര ടോള്‍പ്ലാസ അടയ്ക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് അഡ്വ. ജോസഫ് ടാജറ്റ് ടി.എന്‍. പ്രതാപന്‍ എം.പി. മുഖേന കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ടോള്‍ നല്‍കാതെ സഞ്ചരിക്കാന്‍ മണലിപുഴയ്ക്ക് കുറുകെ സമാന്തര പാലം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാ ടോള്‍ പാതകള്‍ക്കും സമാന്തരമായി പ്രാദേശിയപാതകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഈ സംവിധാനം ഇല്ല. 2028 ല്‍ പാലിയേക്കരടോള്‍ കരാര്‍ തീരുമെങ്കിലും ആറുവരി പാത വരുന്നതോടെ ടോളില്‍ നിന്നു മോചനം ഉണ്ടാകില്ലെന്നും ആക്ഷേപമുണ്ട്.
