തലശേരി: വീട്ടില്‍ തനിച്ചു താമസിച്ചുവന്ന എഴുപത്തിയഞ്ചുകാരിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ ഉണ്ടായിരുന്ന അഞ്ച് പവനോളം ആഭരണം കവര്‍ന്ന കേസില്‍ പ്രതിയെ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജെ. വിമല്‍ വെറുതെ വിട്ടയച്ചു. കേസിലെ രണ്ടാം പ്രതി ടി.പി.സാജിര്‍ (40)നെയാണ് കോടതി വെറുതെ വിട്ടയച്ചത്.
2010 ജൂലൈ 11ന് രാത്രിയില്‍ പ്രതികള്‍ ഇരിട്ടി മുഴക്കുന്നിലെ ചെറുവട്ടിവീട്ടില് തനിച്ച് താമസിക്കുകയായിരുന്ന അലീമ (75) യുടെ വീടിന്റെ അടുക്കള ഭാഗത്തെ ജനലിന്റെ അഴി മുറിച്ചുമാറ്റി അകത്തുകടന്ന് ജമീലയെ ബലമായി പിടിച്ചുകൊണ്ടുപോയി വായില്‍ വസ്ത്രം തിരുകി കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയെന്നുമാണ് കേസ്. വീടിനടുത്തായി താമസിച്ചു വരുന്ന മകന് ചെറുവിടവീട്ടില് റസാഖിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്. കേസിലെ ഒന്നാം പ്രതി രാമന്തളിയിലെ കുവ്വം വളപ്പില്‍ മുഹമ്മദ് ഷെരീഫ് പിന്നീട് മരിച്ചിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ.ബിജേഷ്ചന്ദ്രന്, അഡ്വ.എന്‍.സി.ദിഖില്‍ മണത്തണ, ഹാജരായി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.അജയകുമാര്‍, അഡ്വ.പി. രേഷ്മ എന്നിവര്‍ ഹാജരായി.
