റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശയാത്രകളില്‍ കണ്ടത് ആരെയൊക്കെ? രാഹുല്‍ മറുപടി നല്‍കണമെന്ന് ബി.ജെ.പി.

April 11, 2023 - 10:12 am

ന്യൂഡല്‍ഹി: വിദേശയാത്രകളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനഭികാമ്യരായ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന ഗുലാം നബി ആസാദിന്റെ പ്രസ്താവന ഏറ്റുപിടിച്ചു രാഹുലിനെതിരേ ആക്രമണം ശക്തമാക്കി ബി.ജെ.പി. രാഹുല്‍ രാജ്യത്തോടു വിശദീകരണം നല്‍കണമെന്നും ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗുലാം നബി ആസാദ് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ആരെയാണു രാഹുല്‍ ഗാന്ധി കണ്ടത്. എന്താണ് അജണ്ട? രാജ്യത്തെ ദുര്‍ബലപ്പെടുത്താനായി ഇന്ത്യാ വിരുദ്ധ ബിസിനസുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണോ രാഹുല്‍?- രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

കഴിഞ്ഞ വര്‍ഷം (2022)ൽ കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ഒരു ടിവി അഭിമുഖത്തിലാണ് രാഹുലിനെതിരേ ആരോപണം ഉന്നയിച്ചത്. ഗാന്ധി കുടുംബത്തോട് എനിക്കു വലിയ ബഹുമാനമുണ്ട്. അതിനാല്‍ ഞാന്‍ ഒന്നും പറയുന്നില്ല. അല്ലെങ്കില്‍ വിദേശയാത്രകളില്‍ രാഹുല്‍ ഗാന്ധി അനഭികാമ്യരായ ബിസിനസുകാരെ കണ്ടതിന്റെ പത്തോളം ഉദാഹരണങ്ങള്‍ എനിക്കു നല്‍കാന്‍ കഴിയും. ഡമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി സ്ഥാപകനേതാവ് കൂടിയായ ഗുലാം നബി ആസാദ് പറഞ്ഞു.

ആരെയൊക്കെയാണു രാഹുല്‍ കണ്ടത് എന്നറിയാന്‍ രാജ്യത്തിനു താല്‍പ്പര്യമുണ്ടെന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മൂന്നു നാലു മാസം കൂടുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തേക്കു പോകുന്നു. തിരിച്ചെത്തുമ്പോഴെല്ലാം പ്രധാനമന്ത്രി മോദിക്കും രാജ്യത്തിനും രാജ്യവികസനത്തിനും എതിരായ ആക്രമണങ്ങള്‍ ശക്തമാകുന്നു. വിദേശ ഇടപെടല്‍ ക്ഷണിച്ച് രാജ്യത്തെ ദുര്‍ബലപ്പെടുത്താനും രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനുമാണ് അവരുടെ ശ്രമം. രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *