ന്യൂഡല്‍ഹി: കര്‍ണാടകയിലെ നാലു ശതമാനം മുസ്ലിം സംവരണം റദ്ദാക്കിയതുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യപ്രസ്താവന നടത്തിയതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ അച്ചടക്കം വേണമെന്നും പൊതുപ്രസ്താവന നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ജൂലൈയില്‍ വീണ്ടും വാദം കേള്‍ക്കും.
കര്‍ണാടകയിലെ മുസ്ലിം സംവരണം റദ്ദാക്കിയതു തങ്ങളുടെ പാര്‍ട്ടിയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചതിനെതിരായ ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഒരാള്‍ എങ്ങനെയാണ് ഇത്തരം പ്രസ്താവന നടത്തുന്നതെന്നു ജസ്റ്റിസ് ബി.വി. നാഗരത്‌ന ചോദിച്ചു.
തങ്ങള്‍ മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് എതിരാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു പൂര്‍ണമായി ന്യായീകരിക്കാവുന്നതാണെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍, അച്ചടക്കം പാലിക്കണമെന്നു മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നു കോടതി വ്യക്തമാക്കി.
നാലു ശതമാനം സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ സോളിസിറ്റര്‍ ജനറലിന് അക്കാര്യം ഇവിടെ പറയാം. എന്നാല്‍, പൊതുവേദിയില്‍ ആരെങ്കിലും പ്രസ്താവന നടത്തുന്നതു മറ്റൊരു കാര്യമാണ്.-ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
