റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിശാല പ്രതിപക്ഷ യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും;16 പാര്‍ട്ടികളുടെ പ്രതിനിധികളെത്തും

June 2, 2023 - 1:24 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിശാല പ്രതിപക്ഷം സാധ്യമാക്കുന്നതിനായി 2023 മെയ് മാസം 12ന് പാറ്റ്നയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 16 പാര്‍ട്ടികള്‍ പങ്കെടുക്കും. യോഗത്തിന് ആതിഥേയത്വം വഹിക്കുമെന്ന് ജനതാദള്‍ യുനൈറ്റഡ് (ജെ ഡി യു) നേതാക്കള്‍ വ്യക്തമാക്കി. നേരത്തെ നിശ്ചയിക്കപ്പെട്ട പരിപാടികള്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കും പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച് യോഗം നീട്ടിവെക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതിന് വഴങ്ങിയില്ല. എല്ലാവരുടേയും സൗകര്യം പരിഗണിച്ച് യോഗം നടത്താന്‍ സാധിക്കില്ലെന്നാണ് നിതീഷ് കോണ്‍ഗ്രസ്സിനെ അറിയിച്ചത്. ഇതോടെ യോഗത്തില്‍ പാര്‍ട്ടിയുടെ പ്രതിനിധി പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം പറഞ്ഞു.

പാറ്റ്നയിലെ സുപ്രധാന പ്രതിപക്ഷ യോഗത്തില്‍ കോണ്‍ഗ്രസ്സ് പ്രതിനിധി തീര്‍ച്ചയായും പങ്കെടുക്കുമെന്നും എന്നാല്‍ ആ പ്രതിനിധി ആരാണെന്ന് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി വക്താവ് ജയ്റാം രമേശ് വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അനന്തരവനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നാണ് സ്ഥിരീകരണം. അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ സ്റ്റാലിന് മറ്റുപരിപാടികള്‍ ഉള്ളതിനാല്‍ യോഗം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗം 2023 മെയ് മാസം 23ലേക്ക് മാറ്റിവെക്കണമെന്നാണ് കോണ്‍ഗ്രസ്സും ഡി എം കെയും ആവശ്യപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ട തന്ത്രം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *