റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈ വിധി എന്റെ മകൾക്കുളള പിറന്നാൾ സമ്മാനം: ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ പിതാവ് അശോകൻ

July 5, 2023 - 1:13 pm

വൈക്കം: ‘പിറന്നാൾ സമ്മാനമായി ഈ വിധി എന്റെ മകൾക്കു സമർപ്പിക്കുന്നു’ – വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകൻ നിറകണ്ണുകളോടെ പറഞ്ഞു. ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ (36) പിതാവാണ് അശോകൻ. അഞ്ജുവിനെയും മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയും കൊലപ്പെടുത്തിയ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ (52) 40 വർഷം തടവിനു ശിക്ഷിച്ച വാർത്ത 2023 ജൂലൈ 4 നാണ് അശോകൻ അറിഞ്ഞത്. ജൂലൈ 4 തന്നെയാണ് അഞ്ജുവിന്റെ ജന്മദിനവും. 2022 ഡിസംബർ 15ന് ആണ് സാജു ഭാര്യയായ അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയത്.

അഞ്ജുവിന്റെ സ്വഭാവത്തെപ്പറ്റിയുള്ള സംശയമാണു കൊലപാതകത്തിനു കാരണമെന്നാണു സാജു ഇംഗ്ലണ്ടിലെ പൊലീസിനോടു പറഞ്ഞത്. അതേസമയം അഞ്ജുവിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചപ്പോൾ ഈ ആരോപണം കള്ളമാണെന്നു പൊലീസിനു ബോധ്യപ്പെട്ടു. എന്റെ മകൾക്ക് ഒരു സ്വഭാവദൂഷ്യവും ഇല്ലെന്നു തെളിഞ്ഞു. അർഹിച്ച ശിക്ഷയാണു സാജുവിനു ലഭിച്ചത്’ – അശോകൻ പറഞ്ഞു.

സാജുവിനെ പിടികൂടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. അഞ്ജുവും മക്കളും കൊല്ലപ്പെട്ടതറിഞ്ഞ് എത്തിയ പൊലീസ്, വീടിന്റെ വാതിലിലെ ചില്ല് തകർത്തു കയറിയാണു പ്രതിയെ പിടികൂടിയത്. കത്തിയുമായി നിൽക്കുകയായിരുന്ന സാജു ‘എന്നെ വെടിവയ്ക്കൂ’ എന്നു പൊലീസിനോടു പറയുന്നത് ദൃശ്യങ്ങളിലുണ്ട്.

ഒരു പുതിയ വീട് അഞ്ജുവിന്റെ ആഗ്രഹമായിരുന്നു. അഞ്ജുവിന്റെ ഇൻഷുറൻസ് തുകകൊണ്ട് വീടു നിർമിക്കും. മകളുടെയും കൊച്ചുമക്കളുടെയും മൃതദേഹങ്ങൾക്കൊപ്പം അവരുടെ ഫോട്ടോകളും ചെറുമക്കളുടെ കളിപ്പാട്ടങ്ങളും കൊണ്ടുവന്നിരുന്നു. ഇവയൊക്കെ പുതിയ വീട്ടിലെ മുറിയിൽ സൂക്ഷിക്കണം. അങ്ങനെ അവരുടെ ഓർമ എന്നും നിൽക്കണം – അതാണ് അശോകന്റെ ഇനിയുള്ള ആഗ്രഹം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *