ഇലക്ട്രിക് വാഹനരംഗത്ത് വലിയ മാറ്റവും തരംഗവും സൃഷ്ടിച്ച ഇലക്ട്രിക് വാഹന കമ്പനി ഇലോൺ മസ്‌കിന്റെ ടെസ്ല ഇന്ത്യയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. മസ്‌ക് ഇന്ത്യയിൽ ഒരു ഫാക്ടറി നിർമ്മിക്കാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. അടുത്തിടെ അമേരിക്കൻ സന്ദർശനത്തിനെ ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തവർഷം വീണ്ടും ഇന്ത്യ സന്ദർശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ടെന്ന് ഇലോൺ മസ്‌ക് അറിയിച്ചിരുന്നു. ടെസ്ല ഇന്ത്യയിലേക്കെത്തിയാൽ രാജ്യത്തെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായി മാറും.
ഇൻഡോ-പസഫിക് മേഖലയിലെ രാജ്യങ്ങളിലേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്നതിനായി ഇന്ത്യയെ ഒരു നിർമ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതയും ടെസ്ല പര്യവേക്ഷണം ചെയ്യുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം വാഹനങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കാൻ സർക്കാർ വിസമ്മതിച്ചതോടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള പദ്ധതിയിൽ ടെസ്ലയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. നിലവിൽ രാജ്യം ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി നികുതി ചുമത്തുന്നത്.
ഇന്ത്യയിൽ തന്നെ ടെസ്ല വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ഇന്ത്യ വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിപണിയിലെ ഡിമാൻഡ് വിലയിരുത്തുന്നതിനായി തങ്ങളുടെ കാറുകൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ആദ്യം ലക്ഷ്യമിട്ടത്. തങ്ങളുടെ കാറുകൾക്കും ബാറ്ററി നിർമ്മാണത്തിനും സർക്കാർ നൽകുന്ന സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ ടെസ്ല ഇന്ത്യൻ ഉദ്യോഗസ്ഥരുമായി 2023 മെയ് മാസത്തിൽ ചർച്ച നടത്തിയിരുന്നു.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടെസ്ല ഇന്ത്യയിൽ എത്തുമെന്നും ഈ കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മസ്‌ക് പറഞ്ഞിരുന്നു. വേറെ ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകൾ മുന്നിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് മസ്‌ക് അഭിപ്രായപ്പെടുകയും ചെയ്തു.
