കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള പ്രയാണം ആരംഭിച്ച് കോൺഗ്രസ്. 53 വർഷം പുതുപ്പള്ളിയെ നിയമസഭയിൽ നിലനിർത്തിയ ഉമ്മൻചാണ്ടിയുടെ സീറ്റ് നിലനിർത്തുവാനുള്ള നീക്കങ്ങൾ ആരംഭിച്ചു എന്ന് പറയാം. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരായിരിക്കും പുതുപ്പള്ളിയിലെ കോൺഗ്രസ് സ്ഥാനാർഥി എന്ന ആകാംക്ഷ നിലനിൽക്കുമ്പോൾ ഇതേപ്പറ്റിയുള്ള തീരുമാനത്തിനായി കോൺഗ്രസ് ഇന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗം ചേരും.
മണ്ഡലത്തിലെ 182 ബൂത്തുകളിലേയും ചുമതലക്കാരുടേയും മണ്ഡലം-ബ്ലോക്ക് പ്രസിഡണ്ടുമാരുടേയും, കെപിസിസി, ഡിസിസി നേതാക്കളുടേയും, നിയോജക മണ്ഡലത്തിലെ ചുമതലക്കാരുടേയും യോഗമാണ് ഇന്ന് ഉച്ചകഴിഞ്ഞ് തെള്ളകത്ത് നടക്കുന്നത്. ആദാമിന്‍റെ ചായക്കടയോടു ചേർന്നുള്ള ഓഡിറ്റോറിയത്തിലാണ് യോഗം. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും സ്ഥാനാർഥിയെന്ന തീരുമാനത്തിലേക്കാണ് കോൺഗ്രസ് എത്തുന്നതെന്ന സൂചനകൾ തുടക്കം മുതൽ ഉണ്ടായിരുന്നു. മക്കളുടെ പേരുകൾ പറഞ്ഞ് കേട്ടതൊഴിച്ചാൽ ഇക്കാര്യത്തിൽ പാർട്ടി ഒരു അന്തിമതീരുമാനം ഇതു വരെ എടുത്തിട്ടില്ല. ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും.
