റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടർപഠനം നടത്താൻ 28-കാരിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് വനിത കമ്മിഷൻ

August 25, 2023 - 11:32 am

മലപ്പുറം: ബാല്യത്തിൽ നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരികെ നേടാൻ വനിത കമ്മിഷന്റെ സഹായം തേടിയിരിക്കുകയാണ് 28 വയസുള്ള തൃപ്പങ്ങോട് സ്വദേശിനി. ബീഹാറിൽ നിന്ന് വീട്ടുജോലിക്കായി ഏട്ടാം വയസിലാണ് ഇവർ കോട്ടയത്ത് എത്തിയത്. ജോലി ചെയ്ത വീട്ടിലെ പീഡനത്തെ തുടർന്ന് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അനാഥാലയത്തിലെത്തിയ യുവതിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല.

തുടർന്ന് പ്രായപൂർത്തിയായ യുവതിയെ നിയമപ്രകാരം തൃപ്പങ്ങോട് സ്വദേശി വിവാഹം കഴിച്ചു. യുകെജിയിലും ഒന്നിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയാണ് ഇന്നിവർ. കുട്ടികൾ സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ് തനിക്ക് നഷ്ടപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം തിരികെ നേടണമെന്ന് യുവതിക്ക് ആഗ്രഹമുണ്ടായത്. യുവതിയുടെ ആഗ്രഹം അറിഞ്ഞ ഭർത്താവിനു സന്തോഷമായി. എന്നാൽ, പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രായം തടസമായി നിന്നപ്പോൾ ഇവർ വനിത കമ്മിഷനെ സമീപിക്കുകയായിരുന്നു.

എതിർകക്ഷികളില്ലാത്ത കേസിൽ യുവതിയുടെ പ്രാഥമിക വിദ്യാഭ്യാസ അവകാശം നൽകാൻ ആവശ്യമായ സഹായങ്ങൾ കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ പരാതി പരിഗണിച്ച വനിത കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. ഇവർ താമസിക്കുന്ന പഞ്ചായത്തിലെ വനിത കമ്മീഷൻ ജാഗ്രത സമിതിയുടെ സഹായത്തോടെ യുവതിക്ക് സ്‌കൂൾ പഠനം ആരംഭിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് റിപ്പോർട്ട് തേടും.

ബന്ധപ്പെട്ട ഓഫീസുകളുമായി ആലോചിച്ച് പഠന സൗകര്യം ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും വനിത കമ്മിഷനംഗം പറഞ്ഞു. വനിത കമ്മിഷൻ മലപ്പുറം ജില്ലാതല സിറ്റിംഗിൽ 40 കേസുകൾ പരിഗണിച്ചു. ഇതിൽ ഏട്ട് പരാതികൾ തീർപ്പാക്കി. ആറ് പരാതികൾ പോലീസിന് കൈമാറി. 26 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഗാർഹിക പീഡനം, സ്വത്ത് തർക്കകേസുകളാണ് കമ്മീഷനു മുന്നിലെത്തിയതിൽ കൂടുതലും. പൊതുവേ മലപ്പുറം ജില്ലയിൽ വനിത കമ്മിഷനു മുന്നിലെത്തുന്ന കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്. സിറ്റിംഗിൽ അഡ്വ. സുഹൃത രജീഷ്, കെ. ബീന, കൗൺസലർ ശ്രുതി നാരായണൻ, വനിത കമ്മിഷൻ ജീവനക്കാരായ എസ്. രാജേശ്വരി, ജെ.എസ്. വിനു തുടങ്ങിയവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *