കോട്ടയം : ഇടതുമുന്നണിയിൽ കൂടുതൽ ലോക്‌സഭാ സീറ്റുകൾ ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം. സിറ്റിംഗ് സീറ്റായ കോട്ടയം ഉൾപ്പെടെ നാല് സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകളിൽ ഏതെങ്കിലും മൂന്നെണ്ണം കൂടി ആവശ്യപ്പെടാനാണ് തീരുമാനം. കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയിലാണ് തീരുമാനങ്ങൾ. കോട്ടയത്ത് വച്ചാണ് യോഗം നടക്കുന്നത്.
കൂടുതൽ ലോക്‌സഭാ സീറ്റുകൾ ആവശ്യപ്പെടണമെന്ന് കോട്ടയത്ത് കഴിഞ്ഞ തവണ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉൾപ്പെടെ ശക്തമായ ആവശ്യം ഉയർന്നിരുന്നു. കേരള കോൺഗ്രസ് എം ഇടതുചേരിയിൽ എത്തിയതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. കൂടുതൽ സീറ്റുകൾ വേണമെന്ന കാര്യം അനൗദ്യോഗികമായി കേരള കോൺഗ്രസ് എം സിപിഐഎം നേതാക്കളോട് പല ഘട്ടത്തിലും പറഞ്ഞിരുന്നു. സീറ്റുകൾ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടാനാണ് ഉന്നതാധികാര സമിതിയിൽ തീരുമാനമായിരിക്കുന്നത്.
അടുത്ത ഇടത് മുന്നണി യോഗത്തിൽ തന്നെ കേരള കോൺഗ്രസ് എം ഈ ആവശ്യം മുന്നോട്ടുവയ്ക്കുമെന്നാണ് വിവരം. നാലുസീറ്റുകൾ എന്ന ആവശ്യം നിരാകരിക്കപ്പെട്ടാൽ കോട്ടയം ഉൾപ്പെടെ രണ്ട് സീറ്റുകൾ എങ്കിലും വാങ്ങിയെടുക്കാനാണ് കേരള കോൺഗ്രസ് എം തീരുമാനിച്ചിരിക്കുന്നത്
