ആലപ്പുഴ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽ കല്ലിയൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകവെ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവർത്തകരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘം പിടിച്ച് മാറ്റിയിരുന്നു.
മറ്റൊരു ക്രമസമാധാന പ്രശ്നത്തിനും സാധ്യതയില്ലാത്ത വിധം പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി അവരുടെ നിയന്ത്രണത്തിലാക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരിൻ്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ക്രൂരമായി ആക്രമിച്ചത്. പൊലീസുകാർ പിടിച്ചുവച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവർത്തകരെ അരൂർ എസ്ഐയെ പിടിച്ച് തള്ളിയതിന് ശേഷം അനിൽ കല്ലിയൂരാണ് ക്രൂരമായ മർദ്ദനം ആദ്യം അഴിച്ച് വിടുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ നിലത്തുവീണു പോയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അടക്കം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരായ പ്രതിഷേധം വ്യാപകമാകുകയാണ്.
