ഇടുക്കി : മുണ്ടക്കൈയിലും ചൂരല്‍മലയിലും ദുരന്തത്തിനിരയായവരെ വഞ്ചിച്ചത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ . കേന്ദ്രസർക്കാർ നിലപാടിനെതിരെ 2024 നവംബർ 21 വ്യാഴാഴ്ച സി.പി.ഐ തൊടുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് കരിമണ്ണൂരിൽ സംസാരിക്കുകയായിരുന്നു സലിംകുമാർ. ജില്ലയിലെ 10 കേന്ദ്രങ്ങളിലായിരുന്നു സിപിഐ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്
പണത്തിന്റെ അഭാവം പുനരധിവാസത്തെ ഒരിക്കലും ബാധിക്കില്ലെന്ന് ദുരന്തബാധിതർക്ക് മോദി തന്നെ നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ കൊടും ചതി എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ലെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിതെന്നും സലിംകുമാർ പറഞ്ഞു.
കട്ടപ്പനയില്‍ കെ .കെ ശിവരാമനും, മൂന്നാറില്‍ പി പളനിവേലും ശാന്തൻപാറയില്‍ പി മുത്തുപ്പാണ്ടിയും ഉടുമ്പഞ്ചോലയില്‍ വി .കെ ധനപാലും ഇടുക്കിയില്‍ എം. കെ പ്രിയനും ഉദ്ഘാടനം ചെയ്തു. പീരുമേട്ടില്‍ ജോസ് ഫിലിപ്പ്, ഏലപ്പാറയില്‍ ഇ എസ് ബിജിമോള്‍, മൂലമറ്റത്ത് പ്രിൻസ് മാത്യു, അടിമാലിയില്‍ ജയ മധു എന്നിവരും ഉദ്ഘാടനംചെയ്തു
