ഡല്‍ഹി: ക്രിസ്ത്യന്‍ സഭാ നേതാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി പ്രധാനമന്ത്രി ഏപ്രില്‍ 25ന് കൂടിക്കാഴ്ച നടത്തും. വഖഫ് ഭേദഗതി നിയമത്തിന്റെയും രാജ്യത്ത് പലയിടത്തും ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നതിന്റെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.രാജ്യത്തെ എല്ലാ സഭാധ്യക്ഷന്‍മാര്‍ക്കും പ്രധാനമന്ത്രിയുടെ ക്ഷണമുണ്ട്. ഏപ്രില്‍ 25നാണ് കൂടിക്കാഴ്ച എന്ന് അറിയിച്ചെങ്കിലും മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ കൂടി പരിഗണിച്ച് കൂടികാഴ്ചയുടെ തീയതിയിൽ ചെറിയ മാറ്റത്തിനും സാധ്യതയുണ്ട് എന്നാണ് വിവരം.
ക്രിസ്ത്യന്‍ സമുദായത്തിന് നേരെ നടന്ന അക്രമങ്ങള്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ജബല്‍പ്പൂര്‍, ഒഡീഷ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിന് നേരെ നടന്ന ക്രൂരമായ അക്രമങ്ങള്‍ സഭാ നേതൃത്വങ്ങളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.ഡല്‍ഹിയില്‍ കുരിശിന്റെ വഴിയ്ക്ക് ഉള്‍പ്പെടെ അനുമതി നിഷേധിച്ചത് സമുദായാംഗങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വികാരം ശക്തമാക്കിയതായും ബിജെപി വിലയിരുത്തുന്നു. ഈ ഘട്ടത്തിലാണ് വീണ്ടും സഹകരണ സാധ്യതകള്‍ ശക്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ഔദ്യോഗിക വസതിയിലെത്തുന്ന സഭാധ്യക്ഷന്‍മാരോട് പ്രധാനമന്ത്രി വിശദമായി കാര്യങ്ങൾ ചർച്ച ചെയ്യും
വഖഫ് നിയമ ഭേദഗതിയ്ക്ക് പിന്നാലെ ബിജെപിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ കത്തോലിക്കാ സഭയുടെ സ്വത്തു പിടിച്ചെടുക്കാന്‍ ശ്രമം നടത്തുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനം തന്നെയാണ് ഇത്തരമൊരു ആരോപണത്തിന്റെ അടിസ്ഥാനം. .
