ചെന്നൈ : രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈപ്പര്‍ലൂപ് ഗതാഗതസംവിധാനം വികസിപ്പിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാവാന്‍ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബെമല്‍ (ബിഇഎംഎല്‍) മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ട്യൂട്ടര്‍ ഹൈപ്പര്‍ലൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു.
അതിവേഗ യാത്രയ്ക്കും ചരക്കുനീക്കത്തിനും സഹായിക്കുന്ന ഭാവി ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പുകള്‍.
കാന്തികശക്തിയില്‍ അതിവേഗ തീവണ്ടിയാത്ര
വായുമര്‍ദം കുറഞ്ഞ ട്യൂബുകള്‍ക്കുള്ളിലൂടെ കാന്തികശക്തിയില്‍ അതിവേഗ തീവണ്ടിയാത്ര സാധ്യമാക്കുന്ന സംവിധാനമാണിത്. യാത്രക്കാരെയും ചരക്കുകളെയും അതിവേഗം എത്തിക്കാനുള്ള ഹൈപ്പര്‍ലൂപ് പോഡ് രൂപകല്പനചെയ്യാനും നിര്‍മിക്കാനും ഈ സഹകരണത്തില്‍ ഊന്നല്‍നല്‍കും. ഇത് ഇന്ത്യയുടെ അതിവേഗ ഗതാഗതത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ബെമല്‍ സിഎംഡി ശാന്തനുറോയ് പറഞ്ഞു.
ധാരണാപത്രത്തില്‍ ഒപ്പുവെച്ചവർ
മദ്രാസ് ഐഐടിയില്‍ നടന്ന ചടങ്ങില്‍ ബെമല്‍ കോര്‍പറേറ്റ് ടെക്നോളജി പ്ലാനിങ് ആന്‍ഡ് അലൈഡ് മാനേജ്മെന്റ് മേധാവി ലിംഗരാജ് വി.വിരക്ടമത്, ട്യൂട്ടര്‍ ഹൈപ്പര്‍ലൂപ് ഡയറക്ടറും സിഇഒയുമായ ഡോ. അരവിന്ദ് എസ്.ഭരദ്വാജ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബെമല്‍ സിഎംഡി ശാന്തനുറോയ്, മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി, ബെമല്‍ റെയില്‍ ആന്‍ഡ് മെട്രോ ഡയറക്ടര്‍ രാജീവ് കുമാര്‍ഗുപ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
