റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആലോചനയിലെന്ന് മുഖ്യമന്ത്രി

May 1, 2021 - 8:26 am

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി 30/04/21 വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

”പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറമേ രോഗം വല്ലാതെ വര്‍ദ്ധിക്കുന്ന ജില്ലകളില്‍ പൂര്‍ണ ലോക് ഡൗണ്‍ ആലോചിക്കേണ്ടി വരും. മെയ് നാലാം തീയ്യതി മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളിലേക്കാണ് പോകുന്നത്. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസിനു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും.

ഹോട്ടലുകളിൽ നിന്നും റസ്റ്റാറന്റുകളില്‍ നിന്നും പാഴ്‌സല്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ല. ഓക്‌സിജന്‍, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കള്‍, സാനിറ്റേഷന്‍ വസ്തുക്കള്‍ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കും. ടെലികോം, ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ക്ക് മുടക്കമുണ്ടാവില്ല. ബാങ്കുകള്‍ കഴിയുന്നതും ഓണ്‍ലൈന്‍ ഇടപാട് നടത്തണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.

കല്യാണം 50, മരണ ചടങ്ങുകള്‍ 20. അധികമാകാതിരിക്കാന്‍ കരുതല്‍ വേണം. അതിഥി തൊഴിലാളികള്‍ക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. റേഷന്‍, സിവില്‍ സപ്ലൈസ് ഷോപ്പുകള്‍ തുറക്കും. നിയന്ത്രണങ്ങളുടെ വിശദശാംശം ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കുന്നുണ്ട്.

എല്ലാ ആരാധനാലയങ്ങളിലും 50 എന്ന അര്‍ത്ഥത്തില്‍ ആകരുത്. ചില സ്ഥലങ്ങളില്‍ തീരെ സൗകര്യം ഉണ്ടാകണമെന്നില്ല. വലിയ സൗകര്യമുള്ള സ്ഥലത്താണ് 50. സൗകര്യം കുറഞ്ഞ സ്ഥലത്ത് അതിനനുസരിച്ച് ആളുകളുടെ എണ്ണവും കുറക്കണം.” മുഖ്യമന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *