പത്തനംതിട്ട: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണസമിതി ചെയര്‍മാനുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി മാത്യു, ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി വിവിധ തീരുമാനങ്ങള്‍ എടുത്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് പ്രോജക്ടുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ യോഗം നിര്‍ദേശിച്ചു. കണ്ടെയ്‌മെന്റ് സോണ്‍, 144 പ്രഖ്യാപിച്ചിട്ടുളള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍/ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുവാനും സമിതി നിര്‍ദേശിച്ചു. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, സി.എഫ്.എല്‍.ടി.സി, കോവിഡ് സെക്കന്‍ഡ് ലവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (സി.എസ്.എല്‍.ടി.സി), ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ (ഡി.സി.സി) തുടങ്ങിയവ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനായുളള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോജക്ടുകള്‍ തയ്യാറാക്കി നടപ്പിലാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കാനും തീരുമാനിച്ചു.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായുളള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടപ്പാക്കുവാനും കോവിഡ് രോഗികളുടെ പരിശോധന/ചികിത്സയുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് ആംബുലന്‍സ്/ വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
