റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനാപുരത്തെ സ്‌ഫോടക വസ്തുക്കള്‍; സമഗ്ര അന്വേഷണം തുടങ്ങി ; എ.ടി.എസും പോലീസും സംയുക്തമായി പരിശോധന നടത്തും

June 15, 2021 - 10:36 am

കൊല്ലം: കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നു. പത്തനാപുരത്തിനടുത്ത് പാടം എന്ന സ്ഥലത്താണ് ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷയത്തില്‍ ഭീകരവാദ ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ പ്രദേശത്ത് എ.ടി.എസും പോലീസും സംയുക്തമായി 15/06/21 ചൊവ്വാഴ്ച പരിശോധന നടത്തും. സംസ്ഥാന തീവ്രവാദ വിരുദ്ധ വിഭാഗത്തിനാണ് കേസ് അന്വേഷണ ചുമതല. അതിനിടെ സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. തീവ്രനിലപാടുകളുള്ള ചില സംഘടനകള്‍ പ്രദേശത്ത് പരിശീലനം നടത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും, നാല് ഡിറ്റനേറ്ററുകളും ഇവ ഘടിപ്പിക്കാനുളള വയറും ബാറ്ററികളുമാണ് കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കിടെ വനം വകുപ്പിന്റെ ബീറ്റ് ഓഫിസര്‍മാരായിരുന്നു ഇവ കണ്ടെത്തിയത്. അടുത്തിടെ പാടം മേഖലയില്‍ തീവ്ര സ്വഭാവമുളള ചില സംഘടനകള്‍ കായിക പരിശീലനം നടത്തുന്നുവെന്ന സൂചനകള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. ഇതിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവമെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

അതേസമയം, സമീപത്തെ പാറമടകളിലെ ആവശ്യത്തിനായി എത്തിച്ചതാണോ ഇവയെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. എന്നാല്‍ സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ പ്രദേശത്ത് എത്തിയെന്നതില്‍ സൂചനയൊന്നും കിട്ടിയിട്ടില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *