കോഴിക്കോട്: രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിന് കാരണമായത് കള്ളക്കടത്ത് സ്വർണത്തിനു വേണ്ടി അമിത വേഗതയിൽ സഞ്ചരിച്ചതാണെന്ന് പൊലീസ് കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പും അമിത വേഗതയാണ് അപകട കാരണമെന്ന് കണ്ടെത്തിയിട്ടുള്ളത്.
മിന്നൽ വേഗത്തിൽ വാഹനം കടന്നു പോയതിന് ദൃക്സാക്ഷികളുമുണ്ട്.
അഞ്ചുപേർ മരിച്ച അപകടത്തിൽപ്പെട്ട വാഹനം സഞ്ചരിച്ചത് ഹോൺ മുഴക്കി മിന്നൽവേഗത്തിലെന്ന് 21/06/21 തിങ്കളാഴ്ച പുലർച്ചെ രാമനാട്ടുകര മേൽപ്പാലത്തിന് താഴെ പത്രക്കെട്ടുകൾ ഇറക്കുന്നതിനിടെ കണ്ടതായി യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്.
“കൊണ്ടോട്ടി ഭാഗത്തുനിന്നെത്തിയ ബൊലേറൊ വാഹനത്തിനുപിറകെ കറുപ്പുനിറമുള്ള മറ്റൊരു വാഹനവുമുണ്ടായിരുന്നു. ഇരുവാഹനങ്ങളും അതിവേഗത്തിൽ രാമനാട്ടുകര ഭാഗത്തേക്കുപോയി. പിറകിലുണ്ടായിരുന്ന വാഹനം ഒരു പെട്ടിഓട്ടോയുമായി ഇടിക്കേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് അപകടമൊഴിഞ്ഞത്. അല്പസമയത്തിനകം ബൊലേറൊ തിരിച്ചെത്തി.
വാഹനം ഹോൺമുഴക്കി മിന്നൽവേഗത്തിലായിരുന്നു കടന്നുപോയത്. മൂന്ന്-നാലു മിനിറ്റുകൾക്കം ഞാൻ പുളിഞ്ചോട്ടിലെത്തിയപ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത് കണ്ടത്. വാഹനത്തിലുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ റോഡിലും നാലുപേർ വാഹനത്തിനരികിലുമായിരുന്നു കിടന്നിരുന്നത്. ആർക്കും ജിവനില്ലായിരുന്നു. നേരത്തേ പിന്തുടർന്ന കറുത്തവാഹനം ഇതിനിടയിൽ നിർത്താതെ അതുവഴി കടന്നുപോയി ” യുവാവ് പറഞ്ഞു.
