തിരുവനന്തപുരം: കേരളത്തിനു പുറത്തു നിന്നു വരുന്ന അന്യസംസ്ഥാന മലയാളികളും പ്രവാസികളും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഹോം ക്വാറന്റൈന്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരും മറ്റു അംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കുക. കോവിഡിനെ കുറിച്ചോ ഹോം ക്വാറന്റൈനെ കുറിച്ചോ സംശയങ്ങളുള്ളവര്‍ ദിശയുടെ 1056 ലോ 0471 2552056 നമ്പറുകളിലോ ബന്ധപ്പെടുക.
നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയും ക്വാറന്റെയിന്‍ കാലവധി അവസാനിക്കുന്നതു വരെ ഉപയോഗിക്കുന്ന മുറിയും തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ :-
- വീട്ടിനുള്ളില്‍ ബാത്ത് അറ്റാച്ചഡ് ആയ വായു സഞ്ചാരമുള്ളതും എ.സി. ഇല്ലാത്തതുമായ മുറി ഉപയോഗിക്കണം. ക്വാറന്റൈന്‍ കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കാന്‍ പാടുള്ളതല്ല. മുറിയിലെ ജനാലകള്‍ വായു സഞ്ചാരത്തിനായി തുറന്നിടുക.
- ക്വാറന്റൈനിലുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒരു കാരണവശാലും വീട്ടിലെ മുതിര്‍ന്നന വ്യക്തികള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ദീര്‍ഘകാല പ്രമേഹം, ഹൃദ്രോഗം, കിഡ്‌നി, കരള്‍ രോഗം, ദീര്‍ഘ കാല ശ്വാസകോശ രോഗങ്ങള്‍ ആസ്മ തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവര്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
- കുടുംബാഗംങ്ങള്‍ വീടിനുള്ളിലും ഹാന്‍ഡ് വാഷ്, മാസ്‌ക് എന്നിവ ഉപയോഗിക്കണം, സാമൂഹ്യ അകലം പാലിക്കുക ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന വീട്ടിലേയ്ക്ക് സന്ദര്‍ശകര്‍ പാടില്ല.
- വീട്ടിലെ അംഗങ്ങള്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ പുറത്ത് പോകാവൂ.
ക്വാറന്റൈനിലുള്ള വ്യക്തിയും അവരെ പരിചരിക്കുന്ന വ്യക്തിയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :-
- ക്വാറന്റൈനിലുള്ള വ്യക്തിയെ സഹായിക്കുന്നവര്‍ 18മുതല്‍50 വയസിനിടയ്ക്കുള്ള പൂര്‍ണ ആരോഗ്യവാനും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തതുമായ ആളായിരിക്കണം.
- ഇവര്‍ വീട് വിട്ട് പുറത്ത് പോവാന്‍ പാടുള്ളതല്ല.
- ക്വാറന്റൈന്‍ കാലാവധി കഴിയുന്നതു വരെ മുറിയില്‍ തുടരുക, ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തേയ്ക്ക് വരാന്‍ പാടുള്ളതല്ല.
- ആഹാരശേഷം അവര്‍ ഉപയോഗിച്ച പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കി അവരുടെ മുറിയ്ക്ക് പുറത്ത് സൂക്ഷിക്കേണ്ടതാണ്·
- ലഗേജ് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യുക, ഒരിക്കലും മറ്റൊരു വ്യക്തി കൈകാര്യം ചെയ്യരുത്.
- കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ആരും തന്നെ വ്യക്തി ഉപയോഗിക്കുന്ന മുറിയില്‍ പ്രവേശിക്കുവാന്‍ പാടില്ല.
- രോഗിയെ പരിചരിക്കുന്ന ആള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം മുറിയില്‍ പ്രവേശിക്കാം.
- മുറിക്കകത്ത് കയറിയതിനു ശേഷമോ രോഗിയുടെ പരിചരണശേഷമോ ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
- ഒരിക്കല്‍ ഉപയോഗിച്ച മാസ്‌കും ഗ്ലൗസ്സും ഉപേക്ഷിക്കുക.
- പരിചരിക്കാന്‍ കയറുന്നയാള്‍ മുറിക്കുള്ളിലെ കതകിന്റെ പിടികള്‍, ടേബിളുകള്‍, സ്വിച്ചുകള്‍ മുതലായ ഒരു പ്രതലത്തിലും സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.
- ക്വാറന്റൈനിലുള്ള വ്യക്തി മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് എപ്പോഴും മറക്കുക
- ക്വാറന്റൈനിലുള്ള വ്യക്തി 2 മീറ്ററിനുള്ളില്‍ വച്ച് മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പടരുത്
- ആരോഗ്യ വകുപ്പ് അധികൃതരുടെ ഫോണ്‍ കോളുകള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ടതാണ്. ഇവരോടുതന്നെ സംശയനിവാരണം നടത്തുക
- രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുമ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടുക·
- ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതി കൂടാതെ ചികിത്സയ്ക്ക് പോലും വീടിനു പുറത്ത് പോകരുത്. ·
മറ്റ് കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കേണ്ടവ:-
- കുടുംബാംഗങ്ങളില്‍ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ക്വാറന്റൈന്‍ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറാന്‍ പരമാവധി ശ്രമിക്കുക. ·
- കുടുംബാംഗങ്ങളില്‍ ഒരു വ്യക്തി തന്നെ സ്ഥിരമായി ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കേണ്ടതും മറ്റാരും തന്നെ ഈ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. ·
- പാത്രങ്ങളോ തുണികളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്. ·
- എല്ലാ കുടുംബാംഗങ്ങളും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്. ·
- മാലിന്യം സംസ്‌കണത്തിനായി മുറിക്കുള്ളില്‍ തന്നെ ഇതിനായി 3 ബക്കറ്റുകള്‍ സൂക്ഷിക്കുക·
- മലിനമായ തുണികള്‍, ടവലുകള്‍ മതലായവ ബ്ലീച്ച് ലായിനി ഉപയോഗിച്ച് അണുനാശനം വരുത്തേണ്ടതും കഴുകി ഉണക്കി ഉപയോഗിക്കേണ്ടതുമാണ്. ·
- മലിനമായ മാസ്‌കുകള്‍, പാഡുകള്‍, ടിഷ്യൂ തുടങ്ങിയവ കത്തിക്കുക
- ആഹാര വസ്തുക്കള്‍, മറ്റ് പൊതു മാലിന്യങ്ങള്‍ എന്നിവ ആഴത്തില്‍ കുഴിച്ചിടുക.
ശ്രദ്ധിക്കുക, ഒരിക്കലും ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തിയെ ശത്രുവായി കണക്കാക്കരുത്. ക്വാറന്റൈനില്‍ തുടരുന്നവര്‍ കൃത്യമായി തന്നെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. കാരണം ഒരു നിമിഷത്തെ അശ്രദ്ധ വലിയൊരു ആപത്തിനെ വിളിച്ചു വരുത്തിയേക്കാം.
