പോത്തൻകോട്: കഴക്കൂട്ടം ചന്തവിളയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. 22 കാരനായ എംബിബിഎസ് വിദ്യാർത്ഥി നിതിൻ സി ഹരിയാണ് മരിച്ചത്. 2021 ഒക്ടോബർ 11ന് രാവിലെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ കാറുടമ കൂടിയായ ഡ്രൈവർ കിളിമാനൂർ കുന്നുമ്മൽ സ്വദേശി പി എസ് പ്രതീഷിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനപൂർവ്വമായ നരഹത്യയ്ക്ക് കേസെടുത്തു. പ്രതീഷും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് വിശദമാക്കി.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു നിതിൻ. എറണാകുളം കോതമംഗലം ചെറുവത്തൂർ തേമാംകുഴി മഹാദേവ ക്ഷേത്രത്തിന് സമീപം ചിറയ്ക്കൽ വീട്ടിൽ ഹരിയുടേയും ലുലുവിൻറേയും മകനാണ്. നിതിനൊപ്പമുണ്ടായിരുന്ന കൊട്ടരാക്കര ഉമയനല്ലൂർ ചേപ്ര പിണറ്റിൻമുഗൽ ജനനിയിൽ പിഎസ് വിഷ്ണുവിന് അപകടത്തിൽ ഗുരുതര പരിക്കാണ് സംഭവിച്ചിട്ടുള്ളത്.
അപകടത്തിനിടയാക്കിയ കാറിൽ ഡ്രൈവർ അടക്കം ആറുപേരാണ് ഉണ്ടായിരുന്നത്. . സുഹൃത്തിനെ വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു നിതിൻ. പ്രതീഷിന്റെ കാറിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തിരുന്നു.
