മുംബൈ: തുടര്‍ച്ചയായ നാല് ദിവസത്തെ നഷ്ടങ്ങള്‍ക്കുശേഷം നേരിയതോതില്‍ തിരിച്ചുകയറി വിപണി.ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്ക് കഴിഞ്ഞദിവസം സാക്ഷ്യംവഹിച്ച വിപണിയില്‍ ഇന്നലെ ഉണര്‍വ് പ്രകടമായി. രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിച്ചു.ഒരുവേള സെന്‍സെക്സ് 57,718വരെ താഴുകയും 58,835 നിലവാരത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു.
താഴ്ന്ന നിലവാരത്തില്‍ നിന്ന് 1,117 പോയിന്റിന്റെ നേട്ടമാണ് സെന്‍സെക്സിലുണ്ടായത്. ഒടുവില്‍ 198 പോയിന്റ് ഉയര്‍ന്ന് 58,664ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 86.80 പോയിന്റ് ഉയര്‍ന്ന് 17,503.30ലുമെത്തി. തുടര്‍ച്ചയായി നാലു സെക്ഷനുകളില്‍ നഷ്ടം തുടര്‍ന്ന ശേഷമാണ് സൂചികകള്‍ നേട്ടത്തിലെത്തിയത്.സെന്‍സെക്സ് ഓഹരികളില്‍, പവര്‍ഗ്രിഡ് കോര്‍പറേഷനും എന്‍.ടി.പി.സിയുമാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സര്‍വ്, എല്‍ ആന്‍ഡ് ടി, എസ്.ബി.ഐ. തുടങ്ങിയ ഓഹരികളും ഉയര്‍ന്നു. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു.
എണ്ണ, വാതകം, സാമ്പത്തികം, ലോഹം എന്നീ സെക്ടറുകളില്‍ നിന്നുള്ള ഓഹരികളാണ് ഓഹരി സൂചികകളെ തുടര്‍ച്ചയായ ഇടിവില്‍ നിന്ന് നേട്ടത്തിലേക്ക് തിരിച്ചെത്തിച്ചത്.പ്രധാന സൂചികകളെകൂടാതെ ബി.എസ്.ഇ. മിഡ്ക്യാപ് സൂചിക 1.6 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1.6 ശതമാനവും നേട്ടമുണ്ടാക്കി. മെറ്റല്‍, പവര്‍ സൂചികകള്‍ മൂന്നുശതമാനവും ടെലികോം, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ രണ്ട് ശതമാനവും ഉയര്‍ന്നു.കഴിഞ്ഞദിവസം തകര്‍ന്നടിഞ്ഞ പേടിഎം ഓഹരികള്‍ ഇന്നലെ 10 ശതമാനത്തോളം തിരിച്ചുവരവ് നടത്തി. രാജ്യാന്തര വിപണികളുടെ ഉണര്‍വാണ് പ്രാദേശിക വിപണികള്‍ക്കു നേട്ടമായത്.നാളുകള്‍ക്കു ശേഷം വിദേശനിക്ഷേപകര്‍ തിരിച്ചെത്തിയതും നേട്ടമായി. യൂറോപ്പില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതും ഓസ്ട്രേലിയ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടന്നതും തിരിച്ചടിയായി.എയര്‍ടെലും വോഡഫോണും അടക്കം ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനവും ഓഹരി വിപണിയുടെ നേട്ടത്തിന് കാരണമായി.സൗദി അരാംകോ കരാര്‍ പരാജയത്തെ തുടര്‍ന്ന് നഷ്ടത്തിലേക്ക് നീങ്ങിയ റിലയന്‍സ് ഓഹരികളും കരുത്താര്‍ജ്ജിച്ചു
