റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വൈദ്യുതി കമ്മി ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചതായുളള വിമർശനങ്ങൾ കെഎസ്ഇബി ചെയർമാൻ ബി അശോക് തള്ളി

May 1, 2022 - 7:45 am

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും , നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. ജാർഖണ്ഡിലെ മൈത്തോൺ നിലയത്തിൽ നിന്നുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചത് ഏറെ ആശ്വാസമായി .2022 മെയ് 31 വരെ അധിക നിരക്കിൽ അധിക വൈദ്യുതി വാങ്ങുന്നതിലൂടെ 50 കോടിയുടെ ബാധ്യതയുണ്ടാകും. വേനൽക്കാലത്ത് വൈദ്യുതി കമ്മി ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്ന വിമർശനങ്ങൾ കെഎസ്ഇബി ചെയർമാൻ ബി അശോക് തള്ളി.

കൽക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി നടപടി ശക്തമാക്കി. കെഎസ്ഇബിക്ക് ഊർജ്ജം നൽകുന്ന 19 നിലയങ്ങളിൽ 3 എണ്ണം മാത്രമാണ് ഇതുവരെ ഉത്പാദനം നിർത്തിവച്ചത്. ഇതിൽ ജാർഖണ്ടിലെ മൈത്തോൺ നിലയം പ്രവർത്തനം പുനരാരംഭിച്ചു. പീക്ക് അവറിലെ ക്ഷാമം മറികടക്കാൻ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും. പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയുണ്ടാകും. നല്ലളം ഡീസൽ നിലയവും പെരിങ്ങൽകുത്തും 65 മെഗാവാട്ടോളം വൈദ്യുതി ഉറപ്പാക്കുന്നു.ബാങ്കിംഗ് സ്വാപ് ടെണ്ടർ മുഖേന 100 മെഗാവാട്ടും ഉറപ്പാക്കി സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ല. വൈകിട്ട് 6നും 11 നും ഇടയിൽ ഉപയോഗം കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഭ്യർത്ഥിച്ചു.

കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. മാർച്ച്, ഏപ്രിൽ,മെയ് മാസങ്ങളിൽ 543 മെഗാവാട്ട് വരെ വൈദ്യുതി കമ്മി ഉണ്ടാകുമെന്ന് പ്രസരണ വിഭാഗം കഴിഞ്ഞ നവംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.ഈ നിർദ്ദേശം മാനിച്ച് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിൽ, ഇപ്പഴത്തെ അധിക ബാധ്യത ഒഴിവാക്കാമായിരുന്നു എന്നാണ് വിമർശനം. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *