റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നരബലിക്കേസില്‍ 150ലേറെ സാക്ഷികള്‍: കുറ്റപത്രം ജനുവരി 12 നകം

December 19, 2022 - 8:30 pm

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ സാക്ഷികളായി 150 ലേറെപേരെ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം. എല്ലാ സാക്ഷികളെയും വിസ്തരിക്കില്ലെങ്കിലും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിചാരണയ്ക്കു മുമ്പായി ചില സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാനും ഉദ്ദേശിക്കുന്നുണ്ട്.പദ്മ കൊലക്കേസില്‍ ജനുവരി 12നകം കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള ഡോക്യുമെന്റേഷന്‍ ജോലി പൂര്‍ത്തിയായി. ഒക്‌ടോബര്‍ 11 നാണു പ്രതികളെ അറസ്റ്റ്‌ചെയ്തത്. പ്രതികള്‍ക്കു സ്വാഭാവികജാമ്യം ലഭിക്കുന്നതു തടയാനാണു 90 ദിവസത്തിനകം തന്നെ കുറ്റപത്രം നല്‍കുന്നത്.

ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍, ശാസ്ത്രിയ തെളിവുകളെ പരമാവധി ആശ്രയിക്കാനാണു പോലീസിന്റെ ശ്രമം. ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചതിനും ദൃക്‌സാക്ഷികളില്ല. പ്രതികളുടെ കുറ്റസമ്മതമൊഴിയും ഡി.എന്‍.എ- ഫിംഗര്‍പ്രിന്റ് ഫലവുമാണു പ്രധാന ആശ്രയം. രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും നല്‍കിയ മൊഴികള്‍ നിര്‍ണായകമാണ്. ഇവരുടെ മൊഴി ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും സമ്മതിച്ചിട്ടുണ്ട്.കൊല്ലപ്പെട്ട റോസിലിയും പദ്മയുമായി ഷാഫിക്കു സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളതായി തെളിവുണ്ട്. വിവിധയിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, വാട്ട്‌സ്ആപ്പ് തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു. റോസിലിയെ കട്ടിലില്‍ ചേര്‍ത്തുകെട്ടി കിടത്തിയിരിക്കുന്ന നിര്‍ണായക തെളിവ് ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍നിന്നു വീണ്ടെടുക്കാനായി. വൈകിയാണെങ്കിലും പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകിട്ടിയതും നേട്ടമായി. എന്നാല്‍, പദ്മയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടില്ല. റോസിലിയുടെ മൊബൈല്‍ ഫോണ്‍ ആലപ്പുഴ ഭാഗത്തുവച്ചു വലിച്ചെറിഞ്ഞു കളഞ്ഞതു തെളിവെടുപ്പിനിടെ ഷാഫി പോലീസിനു കാണിച്ചു കൊടുത്തിരുന്നു.ഷാഫി അഞ്ച് സിംകാര്‍ഡും രണ്ടു മൊബൈല്‍ ഫോണുകളും ഉപയോഗിച്ചതില്‍ ഒരു ഫോണ്‍ ഭാര്യ എറിഞ്ഞുടച്ചു എന്നാണു മൊഴി. പ്രതികളുടെയും ഇരകളുടെയും കോള്‍ റെക്കോഡുകള്‍ വിശദമായി പരിശോധിച്ചു. ഇവരുമായി ബന്ധപ്പെട്ടിരുന്നവരെയെല്ലാം പോലീസ് വിളിച്ചു. ഇവരില്‍ സ്ഥിരം കസ്റ്റമര്‍മാരുമുണ്ട്.

നടന്നതു നരബലി തന്നെയാണെന്നു പോലീസ് വ്യക്തമാക്കി. ഇക്കാര്യം പ്രതികള്‍ വിവരിക്കുന്നു. എന്നാല്‍, നരബലിയുടെ മറവില്‍ ഷാഫി നടത്തിയതു ലൈംഗിക വൈകൃതങ്ങളാണ്. ഇയാളുടെ ലക്ഷ്യം പണം സമ്പാദനമായിരുന്നില്ലെന്നാണു പോലീസ് നിഗമനം. കൊലപ്പെടുത്തും മുമ്പു ഇരുവരെയും ഷാഫി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. മറ്റു പ്രതികളുടെ സാന്നിധ്യത്തിലായിരുന്നു ഇതു ചെയ്തത്.
ശക്തമായ ഡി.എന്‍.എ. തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കു പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ കഴിയുമെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. കിട്ടിയ എല്ലാ ശരീരഭാഗങ്ങളും വിശദമായ ഡി.എന്‍.എ. പരിശോധനയ്ക്കു നല്‍കിയിരുന്നു. ചില ഭാഗങ്ങളുടെ ഫിംഗര്‍പ്രിന്റ്് ലഭിച്ചിട്ടില്ല. കൊല സംശയാതീതമായി തെളിയിക്കാന്‍ പരമാവധി ശരീരഭാഗങ്ങളുടെ പരിശോധനാ ഫലം വേണമെന്ന നിയമോപദേശത്തെ തുടര്‍ന്നാണിത്. ഫിംഗര്‍പ്രിന്റ് ലഭിക്കാത്ത ശരീരഭാഗങ്ങളുടെ അംശം മറ്റൊരു ലാബില്‍ പ്രത്യേകം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *