റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത്

January 10, 2023 - 9:34 am

കണ്ണൂർ: കേരള സ്‌കൂൾ കലോത്സവത്തിലുയർന്ന വിവാദങ്ങൾക്ക് പിന്നാലെ ഇനി കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാനില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത്. സ്‌കൂൾ കലോത്സവഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയ കാട്ടാളന്മാരേ, നിങ്ങൾക്ക് കേരളം മാപ്പുനൽകില്ലെന്ന് പറഞ്ഞ എം വി ജയരാജൻ, പഴയിടം ഭയന്നോടരുതെന്നും ആവശ്യപ്പെട്ടു. കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനൻ നമ്പൂതിരിയെ ഇപ്പോൾ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇത്തരത്തിൽ ചില പ്രതികരണം വരുമ്പോൾ ഭയന്നോടുകയെന്നതും ഒരു പ്രതിഭാശാലിയിൽ നിന്നും നാട് പ്രതീക്ഷിക്കുന്നതല്ല. അങ്ങനെവന്നാൽ സന്തോഷിക്കുക വർഗീയക്കോമരങ്ങൾ മാത്രമാണെന്നും ജയരാജൻ ചൂണ്ടികാട്ടി. നമ്മെ ഭരിക്കുന്നത് ഭയമല്ല, ധീരതയാണെന്നും ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല ചരിത്രം രചിച്ചതെന്നും ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ യെന്നും സി പി എം ജില്ലാ സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

എം വി ജയരാജൻറെ കുറിപ്പ് പൂർണരൂപത്തിൽ : സ്‌കൂൾ കലോത്സവഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയ കാട്ടാളന്മാരേ, നിങ്ങൾക്ക് കേരളം മാപ്പുനൽകില്ല. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന വർഗീയഭ്രാന്തന്മാരുണ്ട്. അവർക്ക് ശ്രീനാരായണഗുരുമുതൽ കൃഷ്ണപിള്ളയും എ.കെ.ജി.യും ഇഎംഎസ്സും എ.കെ.ജിയും വരെയുള്ളവർ പാകപ്പെടുത്തിയ മലയാളികളുടെ മണ്ണിൽ ഇതുവരെ സ്ഥാനം ലഭിച്ചിരുന്നില്ല. ഇന്ന് ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ ‘ഭക്ഷണമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ചുട്ട മറുപടി വർഗീയവൈതാളികൾക്ക് നൽകിയേനെ. ഭാവിപൗരന്മാരായ കുട്ടികളുടെ മനസ്സിൽ വർഗീയവിഷം കുത്തിവെക്കുന്നവർ കാവിവൽക്കരണ അജണ്ടയുമായി ഭരണകൂടത്തിന്റെ സ്‌പോൺസർഷിപ്പോടെ പാഠ്യപദ്ധതിയെപ്പോലും മാറ്റിമറിക്കുമ്പോൾ കേരളം ഭരണഘടനയുടെ അടിസ്ഥാന തൂണായ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നു. നാളിതുവരെ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രുചികരമായ ഭക്ഷണം നൽകിവന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഒരാപേക്ഷപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ല. അദ്ദേഹം തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയെയും മേന്മയെയും നന്മുടെ നാട്ടിലെ ജനങ്ങളും മാധ്യമകളും നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. സേവനതല്പരനായി കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനൻ നമ്പൂതിരിയെ ഇപ്പോൾ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ട്. ഇത്തരത്തിൽ ചില പ്രതികരണം വരുമ്പോൾ ഭയന്നോടുകയെന്നതും ഒരു പ്രതിഭാശാലിയിൽ നിന്നും നാട് പ്രതീക്ഷിക്കുന്നതല്ല. അങ്ങനെവന്നാൽ സന്തോഷിക്കുക വർഗീയക്കോമരങ്ങൾ മാത്രമാണ്. നമ്മെ ഭരിക്കുന്നത് ഭയമല്ല, ധീരതയാണ്. ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല, ചരിത്രം രചിച്ചത്. ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ!

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *