റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 11 മരണം

May 1, 2023 - 3:17 pm

ജലന്ധര്‍: പഞ്ചാബില്‍ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ 11 പേര്‍ ശ്വാസംമുട്ടി മരിച്ചു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലുധിയാനയിലെ ജിയാസ്പുരില്‍ 2023 ഏപ്രില്‍ 30ന് രാവിലെയാണു സംഭവം.
ജിയാസ്പുരിലെ ഫാക്ടറിയില്‍നിന്നാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്നാണ് നിഗമനം. എന്തുതരം വാതകമാണ് ചോര്‍ന്നതെന്നു വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ ഏഴരയോടെയാണ് വാതകച്ചോര്‍ച്ചയുണ്ടായത്. വീടുകളിലും സമീപപ്രദേശങ്ങളിലുമായി നിരവധി ആളുകള്‍ ബോധരഹിതരായി വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് ആളുകളെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ ഇതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീല്‍ ചെയ്തിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തിയിരുന്നു.

ബിഹാര്‍ സ്വദേശി ഡോ. കവിലാഷ്(40), ഭാര്യ വര്‍ഷ, മക്കളായ കല്‍പ്പന(16), അഭിനാരായണന്‍(13), ആര്യന്‍(10), ബിഹാറിലെ ഹാജിപ്പുര്‍ സ്വദേശി നവനീത് കുമാര്‍(39), ഭാര്യ നീതു ദേവി(36), കടയുടമയായ സൗരഭ് ഗോയല്‍(35), ഭാര്യ പ്രീതി(31), സൗരവിന്റെ സഹോദരന്‍ ഗൗരവ്(50) എന്നിവരാണു മരിച്ചത്. ഇവരുടെ മകള്‍ നന്ദിനി, നവനീതിന്റെ സഹോദരന്‍ നിതിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഇരുപതു വയസുകാരനെ തിരിച്ചറിയാനായിട്ടില്ല.
അതേസമയം, സുവ റോഡിലെ മാന്‍ഹോളില്‍ ആരോ രാസവസ്തു എറിഞ്ഞെന്നും അതില്‍നിന്നുള്ള രാസപ്രവര്‍ത്തനം കാരണമാകാം ആളുകള്‍ക്കു ശ്വാസം മുട്ടിയതെന്നും വാദങ്ങളുണ്ട്. മാന്‍ഹോളില്‍നിന്നുള്ള വെള്ളം രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകൂ.
മരിച്ച ഡോ. കവിലാഷും നവനീതും അടുത്തടുത്ത കെട്ടിടങ്ങളിലാണു താമസിച്ചിരുന്നത്. ദന്തല്‍ സര്‍ജനായ കവിലാഷ് വര്‍ഷങ്ങളായി ജിയാസ്പുരിലാണു പ്രാക്ടീസ് ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കവിലാഷിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ സ്വദേശത്തേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *