കൊച്ചി: പത്രപ്രവർത്തകർ ജനാധിപത്യത്തിന്റെ നാലാംതൂണിന്റെ ഭാഗമാണെന്നും അവരുടെ മൊബൈൽഫോണുകൾ നടപടിക്രമങ്ങൾ പാലിക്കാതെ പോലീസ് പിടിച്ചെടുക്കരുതെന്നും ഹൈക്കോടതി. പോലീസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ വിട്ടുതരാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് മംഗളം ദിനപത്രത്തിലെ സീനിയർ റിപ്പോർട്ടർ പത്തനംതിട്ട സ്വദേശി ജി. വിശാഖൻ നൽകിയ ഹർജിയിൽ പുറപ്പെടുവിച്ച 2023 ജൂലൈ 10 ലെ ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
പത്രപ്രവർത്തകന് ഒട്ടേറെ വിവരങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കുന്നുണ്ടാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏത് വാർത്തയാണ് പ്രസിദ്ധീകരിക്കേണ്ടത്\സംപ്രേഷണം ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത്. ഒരു കുറ്റകൃത്യത്തെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചുയെന്നതിന്റെ പേരിൽ ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കാതെ മൊബൈൽഫോൺ പിടിച്ചെടുക്കാനാകില്ല..
ഹർജിക്കാരനെയും കുടുംബാംഗങ്ങളെയും ദ്രോഹിക്കുന്നുയെന്നാണ് പരാതി. അതൊരിക്കലും അനുവദിക്കാനാകില്ല. താൻ പ്രതിയോ സാക്ഷിയോ അല്ലെന്ന ഹർജിയിൽ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയുമായി ബന്ധമുണ്ടെന്ന പേരിലാണ് വിശാഖന്റെ മൊബൈൽഫോൺ പോലീസ് പിടിച്ചെടുത്തതെന്നാണ് ഹർജിയിൽ പറയുന്നത്.
