റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂരിൽ എയർഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി അപകടം: വിമാനം രണ്ടായി പിളർന്ന നിലയിൽ. പൈലറ്റടക്കം പതിനേഴു മരണം. നിരവധി പേർക്ക് ഗുരുതര പരിക്ക്.

August 7, 2020 - 8:49 pm

കരിപ്പൂർ: ദുബായിൽ നിന്നും കരിപ്പൂരിൽ വന്നിറങ്ങിയ വന്ദേ ഭാരത് മിഷനില്‍ സർവ്വീസ് നടത്തിയ എയർഇന്ത്യ- 1344 വിമാനമാണ് അപകടത്തില്‍ പെട്ടു. പൈലറ്റ് ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ്, യാത്രക്കാരായ കോഴിക്കോട് പോത്തന്നൂർ ചെർക്കളപ്പറമ്പില്‍ രാജീവന്‍, കണ്ണൂർ പിലാശേരി സ്വദേശി ഷറഫുദ്ദീന്‍, അല്‍മ, തിരൂർ സ്വദേശി സഹീർ സെയ്ദ് (38), പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ്(23) എന്നീ യാത്രക്കാരും മരണമടഞ്ഞവരില്‍ പെടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള പലരുടെയും നില ഗുരുതരമാണ്. അപകടസ്ഥലത്ത് കോക്പിറ്റില്‍ നിന്നും പുറത്തെടുക്കുമ്പോൾ തന്നെ പൈലറ്റ് മരിച്ചിരുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. 174 മുതിർന്ന യാത്രക്കാരും 10 കുഞ്ഞുകളും 4 ജീവനക്കാരും 2 പൈലറ്റുമാരും കൂടി ആകെ 190 പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. രണ്ടു സീറ്റുകള്‍ മാത്രമായിരുന്നു കാലി. വിമാനത്തിൻറെ മുൻഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാർക്ക് ആണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. 123 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 15 പേരുടെ നില ഗുരുതരമാണ്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 13 പേരെയും മിംസ് ആശുപത്രിയിലേക്ക് 14 പേരേയും പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരം. മൂന്നു കുട്ടികളടക്കം 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 5 പേർ മരിച്ചു. രണ്ടു സ്ത്രീകളും 2 പുരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചത്.

അപകടത്തെ പറ്റി യാത്രക്കാരിയായ ജയ പറയുന്നു: ‘ഇറങ്ങുന്നതിനു മുമ്പ് പൈലറ്റിന്‍റെ അനൌണ്‍സ് മെന്‍റ് വന്നു. റണ്‍വെയില്‍ ഇറങ്ങേണ്ട വിമാനം വേഗതയിലോടി ചെന്നു വീഴുകയായിരുന്നു. നല്ല ശബ്ദവും മുഴക്കവും ഉണ്ടായിരുന്നു. സീറ്റ് ബെല്‍ട്ടില്‍ നിന്നും പുറത്തേക്ക് വരാന്‍ കഴിഞ്ഞില്ല. വിമാനം ആദ്യം ഇറങ്ങാന്‍ ശ്രമിച്ചു. സാധിക്കാതെ വന്നപ്പോള്ർ മുകളിലേക്കുയർന്നു. രണ്ടാമതു ഇറങ്ങാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്.’

വെള്ളിയാഴ്ച വൈകിട്ട് 7 മണി 42 മിനിറ്റിന് റൺവേയിൽ ഇറങ്ങിയ വിമാനം റൺവേ തീർന്നശേഷവും മുൻപോട്ടു പോയി. മുൻപിൽ ഉണ്ടായിരുന്ന കോൺക്രീറ്റ് പുറം ഭിത്തിയില്‍ ചെന്ന് ഇടിച്ച് അതിനപ്പുറത്ത് 30 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് പതിക്കുകയായിരുന്നു. വിമാനത്താവളത്തിന്‍റെ പുറംഭിത്തിയില്‍ ഇടിച്ച് വിമാനത്തിന്‍റെ ചിറകും തകർന്നിട്ടുണ്ട്.

റൺവേ കൃത്യമായി നിശ്ചയിക്കുന്നതിൽ പൈലറ്റിനെ പറ്റിയ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചനകൾ. റൺവേയിൽ ഇറങ്ങേണ്ടതിനേക്കാൾ അല്പം കൂടി മുൻപോട്ടു മാറിയാണ് വിമാനം ലാൻഡ് ചെയ്തത് എന്ന് വിവരമുണ്ട്. കൂടിയ വേഗതയിൽ മുന്നോട്ട് നീങ്ങിയ വിമാനം നമ്പർ റൺ വേ തീരുന്നതിനുമുമ്പ് നിർത്തുവാൻ കഴിഞ്ഞില്ല. കോക്പിറ്റിനു പിന്നിൽ യാത്രക്കാർ പ്രവേശിക്കുന്ന വാതിൽ ഭാഗത്തു വച്ച് മുറിഞ്ഞ് രണ്ടായി വേർപെട്ടു പോയി. നിരവധി പേർക്ക് പരിക്കുണ്ട്.

ടേബിള്‍ ടോപ് വിമാനത്താവളമാണ് കരിപ്പൂരിലുള്ളത്. കാലാവസ്ഥയുടെ പ്രതികൂലതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് ശക്തമായ മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു.

അപകടം ഉണ്ടായ ഉടനെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എയർപോർട്ടിലെ ജീവനക്കാരും നാട്ടുകാരും ഫയർഫോഴ്സും നിമിഷങ്ങൾക്കുള്ളിൽ പ്രവർത്തനസജ്ജരായി. പരിക്ക് പറ്റിയവരെ ഉടനെതന്നെ വിമാനത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്ന് ആശുപത്രികളിലേക്ക് മാറ്റി. തൊട്ടടുത്തുള്ള കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയായ റിലീഫ് ആശുപത്രിയിലേക്കാണ് അവരെ കൊണ്ടു പോയിട്ടുള്ളത്. പരിസരത്ത് മികച്ച ആശുപത്രികൾ ഉണ്ട്. മഞ്ചേരിയിലെ ആശുപത്രികളും കോഴിക്കോട് മെഡിക്കല്‍ കോളേജും സജ്ജമാണ്.

കരിപ്പൂരിലേക്കുള്ള വിമാനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കണ്ണൂരിലേക്ക് തിരിച്ചു വിടും.

യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പർ: 0495 2376901, 0483 2719493, യുഎഇ ഹെല്‍പ് ഡെസ്ക് നമ്പർ :0565463903, 0543090572

പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെ നമ്പറുകള്‍

  • കോഴിക്കോട് മെഡിക്കല്‍ കോളേജ് 8547616121
  • ബേബി മെമ്മോറിയല്‍ ആശുപത്രി 9388955466,8547754909
  • മിംസ് ആശുപത്രി 9447636145, 9846338846
  • മൈത്ര ആശുപത്രി 9446344326,9496042881
  • ബീച്ച് ആശുപത്രി 9846042881, 8547616019

വിമാനത്തില്‍ യാത്ര ചെയ്തിരുന്നവരുടെ ലിസ്റ്റ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *