തിരുവനന്തപുരം: കോവിഡ് ബാധിതരും നിരിക്ഷണത്തിലിരിക്കുന്നവരുമായ സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ ലഭ്യമാക്കിയില്ലെന്ന് പരാതി. കളക്ട്രേറ്റിലെ ഇലക്ഷന് സെല്ലില്‍ നിന്നും വോട്ടര്‍മാരെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാവാഞ്ഞതിനാല്‍ പലര്‍ക്കും വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല. വോട്ടെടുപ്പു ദിവസം വോട്ടര്‍മാര്‍ കളക്ട്രേറ്റുമായി ബന്ധപ്പെട്ടപ്പോള്‍ പ്രദേശിക രാഷ്ട്രീയക്കാരെ വിളിക്കാന്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ തലയൂരുകയായിരുന്നുവെന്നാണ് പരാതി.
തിരുവനന്തപുരത്തും കോട്ടയത്തും സമാന പരാതികള്‍ ഉണ്ട്. തിരുവന്തപുരം പാളയം വാര്‍ഡില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഈ മാസം 5ന് കോവിഡ് ബാധിതരായി. .അന്നുതന്നൈ ആശാ വര്‍ക്കര്‍ അവരെ ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിച്ച് ആറിന് ഉച്ചയോടെ കളക്ട്രേറ്റിലെ ഇലക്ഷന് സെല്ലില്‍ നിന്നും വോട്ടര്‍ പട്ടികയിലെ ഇലക്ഷന് നമ്പര്‍ ഉള്‍പ്പടെ നല്‍കുകയും ചെയ്തു . എന്നാല്‍ ബാലറ്റ് എത്തിയില്ല. എട്ടാം തീയതി കളക്ട്രേറ്റില്‍ ബന്ധപ്പെട്ടപ്പോളാണ് ലിസ്റ്റിലുളള എല്ലാവര്ക്കും ബലറ്റ് നല്‍കിയിട്ടുണ്ടെന്നും രാഷ്ട്രീയക്കാരെ ബന്ധപ്പെടാനും പറഞ്ഞത്.
കോട്ടയം ചെമ്പ് പഞ്ചായത്തിലെ വോട്ടര്‍ക്കും ഇതേ അനുഭവം ഉണ്ടായി. ഇയാള്‍ തിരുവനന്തപുരം കവടിയാറിലാണ് താമസം . വോട്ടെടുപ്പിനായി നാട്ടിലേക്ക് പോകാന്‍ തുടങ്ങുന്നതിനിടയില്‍ കോവിഡ് ബാധിതനായി. അതേതുടര്ന്ന് ആശാവര്‍ക്കര്‍ വിവരങ്ങള്‍ ശേഖരിക്കുകയും പിന്നാലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബന്ധപ്പെട്ട് വോട്ടെടുപ്പിന് മുന്നെ ബാലറ്റ് ലഭിക്കുമെന്ന് പറയുകയും ചെയ്തിരുന്നു പക്ഷെ നടപടി ഉണ്ടായില്ല. കോട്ടയത്ത് വിളിച്ചപ്പോള്‍ തിരുവനന്തപുരത്ത് വിളിക്കാന്‍ പറയുകയായിരുന്നു.
തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗറില്‍ താമസിക്കുന്ന കേശവദാസപുരം വാര്‍ഡില്‍ വോട്ടുളള ഒരു ഭാര്യക്കും ഭര്‍ത്താവിനും സമാന രീതിയില്‍ വോട്ടവകാശം നഷ്ടപ്പെട്ടതായി പരാതിയുണ്ട്
