ന്യൂഡല്‍ഹി: പാര്‍ട്ടി മുന്നോട്ട് പോകാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. തങ്ങള്‍ക്ക് മുമ്പുള്ള വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാന്‍ ഉടന്‍ തന്നെ ഒരു ചിന്തന്‍ ശിവര്‍(സമ്മേളനം) സംഘടിപ്പിക്കുമെന്നും സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന അഞ്ച് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ആരും വിമര്‍ശിച്ചിട്ടില്ല, എല്ലാവരും അദ്ദേഹത്തെ പിന്തുണക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പവന് കുമാര്‍ ബന്‍സല്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട 23 നേതാക്കളില്‍ ചിലരും യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തല്ക്കാലം സോണിയ തന്നെ തുടരും.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയില്ല. യോഗം ക്രിയാത്മകമായിരുന്നുവെന്നും എല്ലാ നേതാക്കളും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും പാര്‍ട്ടിയെ ശക്തരാക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് സോണിയാ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളെ നേരില്‍ കാണുന്നത്.എല്ലാ തലങ്ങളിലും പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്നതിനെ കുറിച്ചാണ് നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചത്. നാമെല്ലാവരും വലിയ കുടുംബമാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞതായി യോഗത്തിനു ശേഷം ബന്‍സാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
