Tag
ന്യൂസ് ഡെസ്ക്

കിസാന്‍ സമ്മാന്‍ നിധി പാലക്കാടന്‍ മട്ട കൃഷി ചെയ്യുന്നവര്‍ക്ക് ആശ്വാസമായി

April 21, 2020 - 5:22 pm

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും കൃഷിയിലെ പ്രശ്നങ്ങളും എങ്ങനെ മറി കടക്കുമെന്നറിയാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് പാലക്കാടന്‍ നെല്‍കര്‍ഷകര്‍ക്ക് കോവിഡ് 19-ന്റെ പേരിലുള്ള ലോക്ക്ഡൗണ്‍ കൂടി നേരിടേണ്ടി വന്നത്. കൊയ്ത്തു കാലത്താണിതെത്തിയത് എന്നത് അവരുടെ ബുദ്ധിമുട്ടുകള്‍ തീഷ്ണമാക്കി. കൊയ്ത നെല്ല് കൊണ്ടു പോകാനോ പാഡി രശീതുകള്‍ പണയപ്പെടുത്തി പണമെടുക്കാനോ സാധിക്കാത്ത അവസ്ഥ. ഇതിനിടയില്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നുള്ള സഹായമെത്തിയത് കാര്‍ഷിക ജീവിതത്തിലെ വലിയൊരു താങ്ങായി മാറിയെന്നാണ് പാലക്കാടന്‍ മട്ട കര്‍ഷകരായ പല പാടശേഖര സമിതി അംഗങ്ങളുടേയും അഭിപ്രായം.
“പാലക്കാട് നെമ്മാറ ഭാഗത്തുള്ള പല ചെറുകിട കര്‍ഷകരും തമിഴ്നാട്ടില്‍ നിന്നുള്ള ജീവനക്കാരെ ഉപയോഗിച്ച് കൊയ്ത്തു നടത്തിയ അവസരത്തിലാണ് ലോക്ക് ഡൗണ്‍ എത്തിയത്. ഇതിനുള്ള കൂലി അതാതു ദിവസങ്ങളില്‍ തന്നെ നല്‍കിയതിനാല്‍ കയ്യില്‍ പണമൊന്നും ശേഷിക്കാത്ത സ്ഥിതിയായിരുന്നു. ഇതിനിടെ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നു തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്നു ഗഡുക്കളായ ആറായിരം രൂപ എത്തിയ സന്ദേശം വന്നപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല” എന്നാണ് പല്ലാവൂര്‍ തെക്കുംപുറം പാടശേഖര സമിതി അംഗമായ പി യു കേശവദാസ് അഭിപ്രായപ്പെടുന്നത്. “അറുപത്തിനാലുകാരനായ തനിക്കുള്ളത് വെറും പത്തു പറ നെല്ലു മാത്രമാണ്. ലോക്ക് ഡൗണ്‍ ആയതിനാല്‍ പൈസ സംഘടിപ്പിക്കാനായി എങ്ങും പോകാന്‍ പോലും സാധിക്കുന്നില്ല. വിഷു കൂടിയെത്തുമ്പോള്‍ കയ്യില്‍ പണമൊന്നുമില്ലാത്തതിന്റെ മനോവിഷമം വേറേയും. അതിനിടെ തനിക്കു പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നുള്ള ആറായിരം രൂപ ലഭിച്ചു. തന്റെ പാടശേഖര സമിതിയിലെ മറ്റു നിരവധി പേര്‍ക്കും ഇതേ അനുഭവം തന്നെ.” എന്നാണ് കേശവദാസ് ചൂണ്ടിക്കാട്ടുന്നത്.

‘നെല്ല് അളക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ എത്താന്‍ ബുദ്ധിമുട്ടുന്ന ഈ ലോക്ക് ഡൗണ്‍ കാലത്ത് അതിനു ശേഷം കിട്ടുന്ന പി ആര്‍ എസ് രശീതി ബാങ്കില്‍ കൊണ്ടു പോയി പണയപ്പെടുത്തുന്നതിനെ കുറിച്ചൊക്കെ എങ്ങനെ ചിന്തിക്കും’

“കൊയ്‌ത്തെല്ലാം കഴിഞ്ഞ് കണ്ടം പൂട്ടി അടുത്ത മഴയ്ക്കു ശേഷം കണ്ടം പൂട്ടുന്നതു വരെ ആവശ്യമായ ചെറിയ ചെലവുകള്‍ പോലും എങ്ങനെ നേരിടും എന്ന് അറിയാതെ ബുദ്ധിമുട്ടുമ്പോഴാണ് പല്ലാവൂര്‍, നെമ്മാറ മേഖലകളിലുള്ള പലര്‍ക്കും ഈ സഹായങ്ങള്‍ എത്തിയത്. ‘നെല്ല് അളക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ എത്താന്‍ ബുദ്ധിമുട്ടുന്ന ഈ ലോക്ക് ഡൗണ്‍ കാലത്ത് അതിനു ശേഷം കിട്ടുന്ന പി ആര്‍ എസ് രശീതി ബാങ്കില്‍ കൊണ്ടു പോയി പണയപ്പെടുത്തുന്നതിനെ കുറിച്ചൊക്കെ എങ്ങനെ ചിന്തിക്കും’ മട്ട കര്‍ഷകനും പാടശേഖര സമിതി സെക്രട്ടറിയുമായ എസ് രാമന്‍കുട്ടി ചോദിക്കുന്നു. ‘തങ്ങളെപ്പോലുള്ള ചെറു കര്‍ഷകര്‍ക്ക് ഒരു രൂപ പോലും കയ്യിലില്ലാത്ത സാഹചര്യത്തിലാണ് ഈ സഹായം എത്തിയത്. തങ്ങളുടെ സമിതിയിലെ ഇരുപതു പേരാണ് ഇതിന് അപേക്ഷിച്ചിരുന്നത്.’ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തവണ ചിലര്‍ക്കെല്ലാം അല്‍പം നെല്ല് കൂടുതല്‍ കിട്ടി. പക്ഷേ, കോവിഡ് മൂലം അതില്‍ നിന്നുള്ള പണം കിട്ടാന്‍ ബുദ്ധിമുട്ടാണ്.

കോവിഡ് ലോക്ക് ഡൗണിനിടെ ഏപ്രില്‍ 6-ന് തന്റെ അക്കൗണ്ടില്‍ രണ്ടായിരം രൂപ ലഭിച്ചതിന്റെ ആശ്വാസം പങ്കു വെക്കുകയാണ് മറ്റൊരു കര്‍ഷകനായ കൂടല്ലൂരിലെ കാശി വിശ്വനാഥന്‍. ‘നെല്ലു കൊണ്ടു പോകാനാവാത്തതിനാല്‍ കുടുംബ ചെലവുകള്‍ക്കു പോലും വളരെ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഈ തുക ലഭിക്കുന്നത്.’ വിശ്വനാഥന്‍ പറയുന്നു. ഇപ്പോഴും മഴ ലഭിച്ചിട്ടില്ല. ചൂടാണെങ്കില്‍ കൂടിയും വരുന്നു. ബുദ്ധിമുട്ടുകള്‍ ഇങ്ങനെ ഏറി വരുന്ന സാഹചര്യത്തിലും ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ മട്ട കര്‍ഷകര്‍ക്കു നല്‍കുന്ന ആശ്വാസം ചെറുതല്ലെന്നാണ് പാലക്കാടിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *