റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടികൾക്കും പ്രായമായവർക്കുമായി കുന്നംകുളത്ത് ഇനി ശലഭോദ്യാനം

August 4, 2020 - 2:02 pm

തൃശൂര്‍: കുന്നംകുളം നഗരസഭയിൽ ശലഭോദ്യാനം തയ്യാറായി. പോർക്കളേങ്ങാട് വയോമിത്രം കേന്ദ്രത്തിനും നഗര കുടുംബാരോഗ്യ കേന്ദ്രത്തിനും പകൽ വീടിനും സമീപത്താണ് കുട്ടികൾക്കും പ്രായമായവർക്കും ഏറെ ഉല്ലാസവും ആനന്ദവും നൽകുന്ന ചീരാത്ത് മുത്തുലക്ഷ്മിയമ്മ സ്മാരക ശലഭോദ്യാനം യാഥാർത്ഥ്യമായത്.

1997ൽ നഗരസഭ പ്രദേശം ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്തിന് കീഴിലായിരുന്നപ്പോഴാണ് ചീരാത്ത് മുത്തുലക്ഷ്മിയമ്മ അകാലത്തിൽ പൊലിഞ്ഞ മകളുടെ ഓർമക്കായി 50 സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് കൈമാറിയത്. തുടർന്ന് നഗരസഭയോട് പ്രദേശം കൂട്ടിച്ചേർത്ത ശേഷം 2016 വരെ ഈ സ്ഥലം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു.

2016ലെ നഗരസഭ ഭരണസമിതിയാണ് ഇവിടെ പി എച്ച് സി, വയോമിത്രം കേന്ദ്രം, പകൽവീട് എന്നിവ നിർമ്മിച്ചത്. ബാക്കി സ്ഥലത്താണ് ചീരാത്ത് മുത്തുലക്ഷ്മിയമ്മയുടെ നാമധേയത്തിൽ ശലഭോദ്യാനം തയ്യാറാക്കിയത്. 2018-19 വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷം രൂപയും 2019- 20 വാർഷിക പദ്ധതിയിൽ അഞ്ച് ലക്ഷവും ഉൾപ്പെടുത്തി എട്ടു ലക്ഷം രൂപ ചെലവിലാണ് പണിപൂർത്തീകരിച്ചത്.

സുധാകരൻ നെല്ലുവായിയാണ് ശലഭോദ്യാനം മനോഹരമായി തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, വൃദ്ധർക്കിരിയ്ക്കാനുള്ള ഇരിപ്പിടങ്ങൾ, കമനീയ മാതൃകയിലുള്ള കവാടം എന്നിവ ശലഭോദ്യാനത്തെ ആകർഷകമാക്കുന്നു.

തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർ പുഷ്പ ജോൺ, നഗരസഭ സെക്രട്ടറി ബി അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6680/-Park-.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *