ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസിന് പിന്നില്‍ വ്യക്തി വിദ്വേഷമാണെന്നും , തന്നെ കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. അന്തിമ തീരുമാനം വരുന്നതുവരെ വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹര്‍ജിയിലെ വാദങ്ങള്‍ ജസ്റ്റീസ് എ.എസ് ബാപ്പണ്ണ അദ്ധ്യക്ഷനായ ബെഞ്ച് മുഖവിലക്കുപോലും എടുക്കാതെ തളളുകയായിരുന്നു. കന്യാസ്ത്രീയുടെ സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് കാരണമായെന്നും സാക്ഷി മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നും തനിക്കെതിരെയുളള ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്നും ഫ്രാങ്കോ മുളക്കല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയും, കേരള ഹൈക്കോടതിയും തളളിയതിനെ തുടര്‍ന്നാണ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചത്.
തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും തടസഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നായിരുന്നു തടസ്സഹര്‍ജിയിലെ ആവശ്യം. ഇതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. വിചാരണ വൈകിപ്പിക്കാനാണ് വിടുതല്‍ ഹര്‍ജി നല്‍കിയതെന്ന പ്രോസിക്യൂഷന്‍ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ വിചാരണകോടതി വിചാരണയിലേക്ക് കടക്കും. അതിവേഗ വിചാരണയായിരിക്കും നടക്കുക.
ഫ്രാങ്കോ മുളക്കല്‍ വിചാരണക്ക് ഹാജരാകാതിരിക്കാന്‍ കളളസത്യവാങ്മൂലം നല്‍കിയെന്ന റിപ്പോര്‍ട്ട് നേരത്തേ ചര്‍ച്ചയായിരുന്നു. പിന്നീട് കോവിഡ് സ്ഥി രീകരിച്ചെന്നും വാര്‍ത്തയെത്തിയിരുന്നു. കേസില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിച്ചെങ്കിലും ജലന്ദറിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഫ്രാങ്കോ ഹാജരായില്ല. ഇതേതുടര്‍ന്ന് അനുവദിച്ച ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കോടതി നടപടികളില്‍ സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടുകൂടി വാറന്‍റ് നിലവില്‍ വരുകയും ജാമ്യം റദ്ദാവുകയും ചെയ്യും.
