പാരിസ്: മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരച്ച ഫ്രഞ്ച് മാഗസിന്‍ ചാർലി ഹെബ്ദോയോട് പ്രതികാരം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ചാർലി ഹെബ്ദോ മുന്‍ ഓഫിസ് സമീപം ആക്രമണത്തില്‍ അറസ്റ്റിലായ പാക് പൗരന്‍. 18കാരാനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഓഫിസിന് സമീപം ഇയാള്‍ നടത്തിയ കത്തിക്കുത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവം ‘ഭീകരവാദ’ ആക്രമണമായാണ് പോലിസ് കണക്കാക്കുന്നതെന്നും ഫ്രാന്‍സിന്റെ ദേശീയ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ ഓഫിസ് (പിഎന്‍എടി) അന്വേഷണം ഏറ്റെടുത്തതായും റിപോര്‍ട്ട് ഉണ്ടായിരുന്നു. 2015ല്‍ ചാർലി ഹെബ്ദോ ഓഫിസില്‍ കയറി 12 ജീവനക്കാരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാരിസില്‍ വിചാരണ ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ആക്രമണം.
നാല് പേര്‍ക്ക് പരിക്കേറ്റതായാണ് പോലിസ് ആദ്യം അറിയിച്ചിരുന്നതെങ്കിലും രണ്ടുപേര്‍ക്കാണ് പരിക്കേറ്റതെന്ന് പിന്നീട് സ്ഥിരീകരിച്ചു. 2015 ലെ വെടിവയ്പിനു ശേഷം മാസികയുടെ ഓഫിസുകള്‍ മാറ്റിയിരുന്നു. 2015 ലെ ആക്രമണത്തിലെ വിചാരണ തുടങ്ങുന്ന ദിവസം വിവാദ കാര്‍ട്ടൂണ്‍ പുന: പ്രസിദ്ധീകരിച്ച് ചാർലി ഹെബ്ദെ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരുന്നു.
