തൃശ്ശൂര്‍: തൃശൂരിലെ ജയിൽ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിനെതിരെ വീണ്ടും പരാതി. കേന്ദ്രത്തില്‍ വെച്ച് രണ്ടു പേര്‍ക്ക് കൂടി ക്രൂരമായ മര്‍ദ്ദനമേറ്റതായാണ് പരാതി. മോഷണക്കേസിലെ പ്രതികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീര്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ചത്. ഇതിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ പുറത്തുവരുന്നത്.
ആളൂര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ മോഷണക്കുറ്റത്തിന് അറസ്റ്റിലായ പ്രതികള്‍ക്കാണ് ഇപ്പോള്‍ മര്‍ദ്ദനമേറ്റിരിക്കുന്നത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
