ന്യൂഡല്‍ഹി: 2020-21 സീസണില്‍ ജമ്മു കശ്മീരിലെ കര്‍ഷകരില്‍ നിന്ന് 12 ലക്ഷം ടണ്‍ ആപ്പിള്‍ വാങ്ങുന്നതിനായി മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീം (എംഐഎസ്) വിപുലീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കഴിഞ്ഞ സീസണില്‍ സമാനമായ ഒരു പദ്ധതി ആരംഭിച്ചിരുന്നു. അതിലൂടെ 70.45 കോടി രൂപയ്ക്ക് 8,000 ടണ്‍ ആപ്പിളാണ് വാങ്ങിയിരുന്നത്. ഈ സീസണില്‍ 2,500 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി നീക്കി വച്ചിരിക്കുന്നത്.
നാഫെഡിന്റെ നേതൃത്വത്തിലുള്ള ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറോടെ പ്രാബല്യത്തില്‍ വരും. സഹകരണ വില്‍പ്പനയിലൂടെ കര്‍ഷകര്‍ക്ക് ഉത്പന്നത്തിന്റെ ലാഭം നേരിട്ടെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്ന ആപ്പിളിന്റെ വില അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തുക. വിവിധ വിഭാഗങ്ങളിലുള്ള ആപ്പിളുകള്‍ക്ക് നാഷണല്‍ ഹോര്‍ട്ടികള്‍ചര്‍ ബോര്‍ഡ് അംഗമായ പ്രൈസ് കമ്മിറ്റിയാണ് വില നിശ്ചയിക്കുന്നത്. അപ്പിള്‍ ഉത്പാദിക്കുന്ന എല്ലാ ജില്ലകളില്‍ നിന്നും നാഫെഡ് നേരിട്ട് ഇവ സംഭരിക്കും. സോപോര്‍, ഷോപിയാന്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലെ മൊത്ത വിപണന കേന്ദ്രങ്ങളില്‍ നിന്നും ആപ്പിളുകള്‍ നേരിട്ട് സംഭരിക്കും.
