ചണ്ഡീഗഡ്: 2022 ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൽ 117 സീറ്റുകളിലും മത്സരിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ താഴേത്തട്ടിൽ നിന്നും ആരംഭിച്ചതായും ബി ജെ പി ജനറൽ സെക്രട്ടറി തരുൺ ചഗ് പറഞ്ഞു.
ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ അകാലിദൾ കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങളെച്ചൊല്ലി എൻഡിഎയിൽ നിന്ന് പുറത്തുപോയി രണ്ട് മാസത്തിന് ശേഷമാണ് തരുൺ ചഗിന്റെ പ്രസ്താവന.
23,000 പോളിംഗ് ബൂത്തുകളിലെ സംഘടനാ ഘടന ശക്തിപ്പെടുത്തി വരികയാണന്ന് ചഗ് പറഞ്ഞു.
പഞ്ചാബിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്ന് വ്യക്തമാക്കുന്ന ബിജെപിയുടെ ആദ്യ ഔദ്യോഗിക പ്രസ്താവനയാണിത്.
പാർട്ടിയുടെ 10 ജില്ലാ ഓഫീസുകൾ നവംബർ 19 ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂന്ന് ദിവസത്തെ പര്യടനം സംസ്ഥാനത്ത് നടത്തുമെന്ന് ബി ജെ പി വൃത്തങ്ങൾ പറഞ്ഞു.
1992 നു ശേഷം ആദ്യമായാണ് ബി ജെ പി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ശിരോമണി അകാലിദളും ബി ജെ പി യും തമ്മിലുള്ള സീറ്റ് പങ്കിടൽ ധാരണ അനുസരിച്ച് 13 പാർലമെന്റ് സീറ്റുകളിൽ മൂന്നെണ്ണത്തിലാണ് ബി ജെ പി മത്സരിക്കാറുള്ളത്. 117 നിയമസഭാ മണ്ഡലങ്ങളിൽ 23 ൽ മാത്രമാണ് ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്. ബാക്കിയുള്ളവ എസ്എഡിക്കായി നീക്കിവച്ചിരുന്നു.
