സേലം: പിതാവിന്റെ കടബാധ്യത തീർക്കാൻ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു.
സംഭവത്തിൽ തമിഴ്‌നാട് സേലം സ്വദേശിയായ കുഞ്ഞിന്റെ പിതാവ് സൗക്കത്ത് അലി, കൂട്ടുകാരന്‍ സേതു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിൽക്കാൻ പിതാവായ സൗക്കത്ത് അലിയെ പ്രേരിപ്പിച്ചതിനാണ് പിടികൂടിയത്.
ആറുമാസം മുൻപ് പ്രസവിച്ച യുവതിയെ കാണാൻ വീട്ടിലെത്തിയ ബന്ധുക്കളോട് കുഞ്ഞ് മരിച്ചു പോയി എന്ന് സൗക്കത്തലി നുണ പറഞ്ഞതാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സുന്ദരം പോലീസ് എന്നയാള്‍ക്ക് കുഞ്ഞിനെ വിറ്റതായി കണ്ടെത്തി.
സുന്ദരത്തെ കണ്ടുപിടിച്ചത് സേതുവാണ്. 20 ദിവസം മുന്‍പാണ് കുഞ്ഞിനെ വിറ്റത് എന്നും പോലീസ് മനസിലാക്കി. കുട്ടികള്‍ ഇല്ലാത്ത സുന്ദരം ഒരു ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയത്.
ലോക്ഡൗണ്‍ സമയത്ത് തൊഴിലില്ലാതെ ബുദ്ധിമുട്ടിയ അലി കൂട്ടുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഈ പണം തിരിച്ചു കൊടുക്കാൻ നിവൃത്തിയില്ലാതെ കൂട്ടുകാരൻ സേതുവിന്റെ പ്രേരണയില്‍ കുഞ്ഞിനെ വില്‍ക്കുകയായിരുന്നുവെന്നു സൗക്കത്ത് മൊഴി നല്‍കി.
ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് സുന്ദരത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച് അമ്മയ്ക്ക് തിരികെ നല്‍കി.
