ന്യൂ ഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകൾ നടത്തുന്ന ‘ദല്‍ഹി ചലോ’ മാര്‍ച്ചിൽ പരക്കെ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞു. മാർച്ചിനു നേരെ ഹരിയാനയില്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
വ്യാഴാഴ്ച (26/11/20) രാവിലെയാണ് പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ അംബാലയ്ക്ക് സമീപത്തെ ശംഭു ബോര്‍ഡറിൽ വച്ച് മാർച്ച് പൊലീസ് തടഞ്ഞത്.
കര്‍ഷകര്‍ ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ദല്‍ഹി ചലോ മാര്‍ച്ച് വിവിധയിടങ്ങളില്‍ പൊലീസ് തടഞ്ഞിട്ടുണ്ട്.
കര്‍ഷക മാര്‍ച്ചിനെ തടയാന്‍ പൊലീസ് ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡും ലോറികളില്‍ മണ്ണും എത്തിച്ചിട്ടുണ്ട്.
ദല്‍ഹിയിലേക്ക് ഒരു കര്‍ഷകനെ പോലും കടത്തിവിടില്ലെന്നാണ് ദല്‍ഹി പൊലീസിന്റെ തീരുമാനം.
അതേസമയം ഏത് വിധേനയും അതിര്‍ത്തി കടന്ന് ദല്‍ഹിയിലെത്തുമെന്ന് കര്‍ഷക സംഘടനകൾ പ്രഖ്യാപിച്ചു.
രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ചലോ ദല്‍ഹി മാര്‍ച്ചുമായി നീങ്ങുക.
