തൃശൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ തെരഞ്ഞെടുപ്പിന് ശേഷം മറുപടി പറയേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി. പ്രസ്‌ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയെന്നതാണ് പ്രധാനം. മറ്റുപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. കെ.മുരളീദരന്‍ കോണ്‍ഗ്രസിലെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന് പരാതിയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും എല്ലാ പാര്‍ട്ടികളിലുമുളള സ്വാഭാവികമായ അഭിപ്രായ വ്യത്യാസമാണത്.
ബാര്‍കോഴ ആരോപണം പലപ്രാവശ്യം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ കേസുമില്ല ,ആരോപണവുമില്ലെന്നാണ് അര്‍ത്ഥം. നിയമപരമായി അധിാകരമില്ലാത്ത കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പലതും പൊടിതട്ടിയെടുക്കുകയാണ്. അതിന് പിന്നില്‍ എന്തൊക്കെയോ താല്‍പ്പര്യങ്ങളുണ്ട്.
പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചെങ്കിലും കേരളത്തിന്റെ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തി. ഇങ്ങനെയൊരു നിയമത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും തെറ്റാണ്. തെറ്റ് ബോധ്യപ്പെടുമ്പോള്‍ തിരുത്തുന്നത് നല്ലതാണ്. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷം ഇടതുമുന്നണി തെറ്റായ പല തീരുമാനങ്ങളും എടിത്തിട്ടുണ്ട്.. ദുരഭിമാനം കൊണ്ട് അതൊന്നും പിന്‍വലിച്ചിട്ടില്ല. അതിനൊക്കെ തിരിച്ചടി കിട്ടുന്നുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയാണുളളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
