കോട്ടയം: എസ്എന്‍ഡിപി യോഗം മാങ്ങാനം ശാഖാ ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് അറസ്റ്റിലായി. പുതുപ്പളളി തച്ചുകുന്നേല്‍ അഖില്‍ (പ്രിന്‍സ് -26) ആണ് പിടിയിലായത്. സിസിടിവിയില്‍ കുടങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പോലീസ് പൊക്കി.
ബുധനാഴ്ച (2/12/2020) അര്‍ദ്ധരാത്രി 12.30 നായിരുന്നു സംഭവം. കോട്ടയം പുതുപ്പളളി റോഡരുകിലുളള ശാഖാ മൈതാനത്താണ് ക്ഷേത്രം. മതില്‍ ചാടിക്കടന്ന പ്രതി തോര്‍ത്തുപയോഗിച്ച് മുുഖം മറച്ചശേഷം കല്‍വിളക്ക്, ഹോമകുണ്ഡം, ഓംവിളക്കുകള്‍, ചെടിച്ചട്ടികള്‍, പീഠങ്ങള്‍ തുടങ്ങിയവ കമ്പിവടികൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു.പുലര്‍ച്ചെ അഞ്ചുമണിയോടെ നടക്കാനിറങ്ങിയവരാണ ഇവ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. ഇവര്‍ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചു. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ അഖിലാണ് സംഭവത്തിന് പിന്നിലെന്ന് മനസിലായി.
ഗുരുദേവ ക്ഷേത്രം ആക്രമിക്കുന്നതിന് മുന്നേ രാത്രിയില്‍ പുതുപ്പളളിയിലെ ബേക്കറിയോട് ചേര്‍ന്ന് പാര്‍ക്കുചെയ്തിരുന്ന ശ്രീജിത് എന്നയാളുടെ ഇന്നോവ കാറും കല്ലിനിടിച്ച് പ്രതി കേടുവരുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അഖില്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പോലീസ് പറഞ്ഞു. മുമ്പ് ദേവലോകത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ കുരിശടി തകര്‍ത്ത കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു. ഈസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടിപി ബിനോയ് എസ്‌ഐ രഞ്ജിത്, വിശ്വനാഥന്‍ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
