റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് സുപ്രീം കോടതിയുടെ അനുമതി. പ്രധാനമന്ത്രി ഭൂമിപൂജ നിർവഹിക്കും

December 7, 2020 - 1:12 pm

ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് സുപ്രീം കോടതിയുടെ അനുമതി. നിര്‍മ്മാണ പ്രവര്‍ത്തനം തത്കാലം തുടങ്ങരുത്, പദ്ധതിക്കായി മരങ്ങള്‍ മുറിക്കരുത്, തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് അനുമതി. കൂടാതെ പദ്ധതി നടപ്പാക്കാൻ ധൃതി പിടിക്കുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രിയാണ് ഭൂമി പൂജ നിർവഹിക്കുന്നത്. 970 കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ നിര്‍മ്മാണം 2022 ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

90 വര്‍ഷം പഴക്കമുള്ള നിലവിലെ പാർലമെന്റ് കെട്ടിടത്തിന് പകരം ഇതിനോട് ചേര്‍ന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കം ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് പദ്ധതി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഡിസംബർ 10 ന് തറക്കല്ലിടും. പുതിയ കെട്ടിടത്തിന്റെ ലോക്‌സഭ ചേംബറില്‍ 888 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. രാജ്യസഭയില്‍ 384 പേര്‍ക്കുള്ള ഇരിപ്പിടവുമുണ്ടാകും. ഭാവിയില്‍ അംഗ സംഖ്യ ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്.

നിലവില്‍ ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണ് ഉള്ളത്. നിലവിലെ പാര്‍ലമെന്റ് കെട്ടിടം ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ചതാണ്. 1921 ഫെബ്രുവരി 12നാണ് ഇതിന്റെ തറക്കല്ലിട്ടത്. 83 ലക്ഷം രൂപ ചെലവില്‍ ആറ് വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

1927 ജനുവരി 18 ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് ഇര്‍വിനാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പുതിയ കെട്ടിടം ടാറ്റ പ്രൊജക്‌ട്സ് ലിമിറ്റഡാണ് നിര്‍മ്മിക്കുന്നത്. 861.90 കോടി രൂപയ്ക്കാണ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ ടാറ്റ നേടിയെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *