ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സൂചനയോടെ 25/12/2020 വെള്ളിയാഴ്ച പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് മറുപടിയുമായി കർഷക സംഘടനകൾ.
‘നിയമങ്ങൾ പിൻവലിക്കാനുള്ള മാനസികാവസ്ഥ സർക്കാരിനില്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളെല്ലാം നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ സമരം ശക്തമായി തുടരുക മാത്രമാണ് തങ്ങളുടെ മുന്നിലെ വഴി’ കർഷക സംഘടനാ നേതാക്കൾ വെളളിയാഴ്ച വൈകിട്ട് വ്യക്തമാക്കി.
സർക്കാർ നിയമങ്ങൾ റദ്ദാക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമാക്കിയതായി ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ വർക്കിംഗ് കമ്മിറ്റി അംഗവുമായ ജഗ് മോഹൻ സിംഗ് പറഞ്ഞു.
“ഇവ റദ്ദാക്കപ്പെടുന്നതുവരെ ഞങ്ങൾ ദില്ലിയുടെ അതിർത്തികൾ വിട്ടു പോകില്ല. ഞങ്ങളുടെ പോരാട്ടം ജനാധിപത്യവിരുദ്ധമായ വഴികൾക്ക് എതിരാണ്, ആദ്യം അവർ കൂടിയാലോചനയില്ലാതെ നിയമങ്ങൾ നിർമ്മിക്കുന്നു, പിന്നീട് ഇവ നമ്മുടെ നന്മയ്ക്കാണെന്ന് നമ്മോട് പറയുന്നു , എന്നിട്ട് ഭേദഗതികൾ വരുത്താം , തിരിച്ചെടുക്കാനാവില്ലെന്ന് പറയുന്നു. ഇതെന്ത് ജനാധിപത്യമാണ് ? ” അദ്ദേഹം പറഞ്ഞു.
“അവർ വീണ്ടും വീണ്ടും ഞങ്ങളുടെ നിർദേശങ്ങൾ ചോദിച്ചു. പക്ഷേ, അവർ ഇതുവരെ ഞങ്ങൾക്ക് വ്യക്തമായ ഒരു നിർദ്ദേശവും നൽകിയിട്ടില്ല. അവരുടെ ഉദ്ദേശ്യങ്ങൾ മികച്ചതായിരുന്നുവെങ്കിൽ, അവർ ഈ നിയമങ്ങൾ ഉണ്ടാക്കുമായിരുന്നില്ല. ഇപ്പോൾ ഭേദഗതികളെക്കുറിച്ച് സംസാരിക്കുന്നതിന്റെ അർത്ഥമെന്താണ്. ജയിക്കുന്നതുവരെ സമരത്തിൽ നിന്നും ഞങ്ങൾ പിൻമാറില്ല. ”
ഭാരതീയ കിസാൻ യൂണിയൻ ഹരിയാന സംസ്ഥാന പ്രസിഡന്റ് ഗുർനം സിംഗ് ചാദുനി പറഞ്ഞു.
“പ്രധാനമന്ത്രി കർഷകരെ പിന്തുണയ്ക്കുന്ന സ്വന്തം സഖ്യകക്ഷികളിൽ നിന്ന് തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ പോരാട്ടം വിജയം വരെയാണ് ” എ.കെ.എസ്.സി.സി വർക്കിംഗ് കമ്മിറ്റി അംഗവും മുൻ കേരള എം.എൽ.എയുമായ പി. കൃഷ്ണ പ്രസാദ് പറഞ്ഞു. 30 ദിവസം പിന്നിട്ട കർഷക സമരം കൂടുതൽ ശക്തിപ്പെടുകയാണ് എന്നാണ് ഡൽഹിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.
