റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരി 10 മുതല്‍ നാലുമേഖലകളില്‍

January 2, 2021 - 8:42 pm

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ 25-ാംമത് അന്താരാഷ്ട്ര ചലച്ചിത്ര മേള നാലു മേഖലകളിലായി നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ച് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. ഓരോ മേഖലയിലും അഞ്ചു ദിവസങ്ങളിലായി അഞ്ചു തീയറ്ററുകളിലാണ് മേള. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച്  ഒന്ന് മുതല്‍ അഞ്ചു വരെയുമാണ് മേള സംഘടിപ്പിക്കുക.  ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായവര്‍ക്കു മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. ഡെലിഗേറ്റ് പാസ് വാങ്ങുന്നതിന് മുമ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും. മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പാസ്  അനുവദിക്കും. ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആള്‍ക്കൂട്ടമുള്ള സാംസ്‌കാരിക പരിപാടികളോ ഉണ്ടായിരിക്കില്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400  രൂപയുമാണ്. പ്രതിനിധികള്‍ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്തണം. ഡെലിഗേറ്റുകള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം മേളയില്‍ പങ്കെടുക്കേണ്ടത്. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. സീറ്റ് നമ്പര്‍ അടക്കം റിസര്‍വേഷനില്‍ ലഭിക്കും. ഓരോ തീയറ്ററിലും 200 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കു. തെര്‍മല്‍ സ്‌കാനിംഗ് നടത്തിയതിന് ശേഷമായിരിക്കും പ്രവേശനം. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കുകയുള്ളൂ. ഓരോ പ്രദര്‍ശനം കഴിയുമ്പോഴും തിയേറ്ററുകള്‍ സാനിറ്റൈസ് ചെയ്യും.

മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്റര്‍ ക്‌ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ട് പങ്കെടുക്കുന്നതല്ല. അന്താരാഷ്ട്ര മല്‍സര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യന്‍ സിനിമ നൗ, കലൈഡോസ്‌കോപ്പ്, റെട്രോസ്‌പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയില്‍ ഉണ്ടായിരിക്കും. ഓരോ മേഖലയിലും ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയ എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കും. ഒരു ദിവസം ഒരു തിയേറ്ററില്‍ നാലു ചിത്രങ്ങള്‍ വീതമാണ് പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദര്‍ശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദര്‍ശനങ്ങള്‍ വീതമാണ് ഉണ്ടാവുക.

2019ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെയും ടെലിവിഷന്‍ അവാര്‍ഡുകളുടെയും വിതരണ തിയതിയും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ജനുവരി 29ന്  വൈകിട്ട് ആറിന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ജെ.സി ഡാനിയേല്‍ അവാര്‍ഡും വിതരണം ചെയ്യും.

ടെലിവിഷന്‍ അവാര്‍ഡുകള്‍  ജനുവരി 9 വൈകിട്ട് ആറിന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളില്‍ സാംസ്‌കാരിക മന്ത്രി വിതരണം ചെയ്യും.

അവാര്‍ഡ് ജേതാക്കളും ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും സംഘാടകരും ഉള്‍പ്പെടെ 200ല്‍ താഴെ പേരെ മാത്രമാണ് ചടങ്ങില്‍ പങ്കെടുപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *