റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറബിക്കടലിൻ്റെ സിംഹത്തിലെ കുഞ്ഞാലി മരയ്ക്കാറിൻ്റെ വരവിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു

January 2, 2021 - 2:28 pm

കൊച്ചി: പ്രിയദർശന്റെ സ്വപ്ന പ്രൊജക്ടായ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രം മലയാള സിനിമയിൽ ഇന്നോളമുള്ളതിൽ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത് . പ്രേക്ഷകര്‍ ഏറെ ആകാംക്ഷ യോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ കുഞ്ഞാലി മരയ്ക്കാറുടെ വേഷത്തിലാണ് എത്തുന്നുന്നത് . സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്.

ദൃശ്യം രണ്ട് തിയറ്ററുകള്‍ക്ക് പകരം ഒ.ടി.ടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കെയാണ് ഈ വമ്പൻ പ്രഖ്യാപനം. ചിത്രം ഈ വര്‍ഷം മാര്‍ച്ച്‌ 26 ന് തിയറ്ററുകളിലെത്തും.

നിര്‍മാതാക്കളായ ആശീര്‍വാദ് ഫിലിംസ് ആണ് റിലീസ് തീയതി ഔദ്യോഗിക മായി പുറത്തുവിട്ട ഈ പ്രഖ്യാപനം സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരയ്ക്കാര്‍ . പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇന്‍ഡസ്ട്രി തന്നെ അവതാളത്തിലായതു കൊണ്ട് അതിന് സാധിക്കാതെ വന്നു.

അതേസമയം, സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നി‍ര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചിരിക്കുന്നത്. പാതി സീറ്റില്‍ കാണികളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അവര്‍ കരുതുന്നു.

തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് നി‍ര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. തിയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച അന്നുണ്ടാവും. അതിനുശേഷം നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.

പത്ത് മാസങ്ങളായി തിയറ്ററുകള്‍ അടഞ്ഞുകിടന്നതിനാല്‍ വന്‍സാമ്പത്തിക പ്രതിസന്ധിയാണ് ഈ മേഖലയില്‍ നേരിട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് ജോലികള്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ മരയ്ക്കാര്‍ പോലുള്ള വലിയ സിനിമയുടെ തിയറ്റര്‍ റിലീസ് സിനിമാ ഇന്‍ഡ്സ്ട്രിക്ക് വലിയ ഉണര്‍വേകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.

മരയ്ക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിജയ് ചിത്രം മാസ്റ്റര്‍ തമിഴ്‌നാടിനൊപ്പം കേരളത്തിലും പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ദൃശ്യം 2 ആമസോണ്‍ റിലീസായി പ്രഖ്യാപിച്ചതോടെ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *